മുന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിങ് അന്തരിച്ചു

വിടവാങ്ങിയത് ഉദാരവത്ക്കരണത്തിന്റെ പിതാവ്
രാജ്യത്ത് സാമ്പത്തിക ഉദാരവത്ക്കരണ നയങ്ങള്‍ക്ക് തുടക്കം കുറിച്ച ധനകാര്യമന്ത്രി എന്ന നിലയിലാകും കാലം ഡോ. മന്‍മോഹന്‍സിങിനെ അടയാളപ്പെടുത്തുക. സ്വകാര്യവത്ക്കരണം, ഉദാരവത്ക്കരണം, ആഗോളവത്ക്കരണം എന്ന മൂന്ന് ആശയങ്ങളിലൂടെ ഇന്ത്യന്‍ സമ്പദ്ഘടനയെ അദ്ദേഹം പൊളിച്ചെഴുതി.
ന്യൂഡല്‍ഹി:
മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് (92) അന്തരിച്ചു. ഡല്‍ഹി ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രാത്രി പത്ത് മണിയോടെയാണ് അന്ത്യം സംഭവിച്ചത്. ഇന്ന് വൈകിട്ട് വീട്ടില്‍ കുഴഞ്ഞ് വീണ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍ തുടങ്ങിവര്‍ അദ്ദേഹത്തിന്റെ വിനിയോഗത്തില്‍ അനുശോചിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരും അനുശോചനം അറിയിച്ചു.
ആരോഗ്യപ്രശ്നങ്ങള്‍ മൂലം ദീര്‍ഘകാലമായി അദ്ദേഹം സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. എങ്കിലും കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ അടക്കം വിമര്‍ശിച്ച് ഇടയ്ക്കിടെ രംഗത്ത് എത്തിയിരുന്നു. അംബേദ്ക്കര്‍ വിവാദം കൊടുമ്പിരിക്കൊണ്ട വേളയിലും അദ്ദേഹം കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു.
ഇന്നത്തെ പാകിസ്ഥാനിലെ പശ്ചിമപഞ്ചാബിലെ ഗാഹിലാണ് അദ്ദേഹത്തിന്റെ ജനനം. വിഭജനത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബം ഇന്ത്യയിലേക്ക് കുടിയേറി. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നടേിയ ശേഷം അദ്ദേഹം 1966 മുതല്‍ 69 വരെ ഐക്യരാഷ്ട്രസഭയില്‍ ജോലി ചെയ്തു. പിന്നീട് അദ്ദേഹം വാണിജ്യ വ്യവസായ മന്ത്രാലയത്തില്‍ ഉപദേശകനായി പ്രവര്‍ത്തിച്ചു. 70കളിലും 80കളിലും അദ്ദേഹം ഇന്ത്യയില്‍ പല സുപ്രധാന പദവികളും വഹിച്ചു. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (1972-1976), റിസര്‍വ് ബാങ്ക് ഗവര്‍ണര്‍)1982-1985), ആസൂത്രണ ബോര്‍ഡ് തലവന്‍(1985-87) തുടങ്ങിയ പദവികള്‍ വഹിച്ചു.
1971 ൽ ഗതാഗത വകുപ്പിൽ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതനായി. 1972 മുതൽ 1976 വരെയുള്ള കാലഘട്ടത്തിൽ ധനകാര്യ വകുപ്പിൽ മുഖ്യ ഉപദേഷ്ടാവായിരുന്നു.1980-1982 കാലത്ത് ആസൂത്രണവകുപ്പിലായിരുന്നു. 1982 ൽ ധനകാര്യ മന്ത്രിയായിരുന്ന പ്രണബ് മുഖർജി മൻമോഹൻ സിങിനെ റിസർവ് ബാങ്കിന്റെ ഗവർണറായി നിയമിച്ചു. 1985 മുതൽ 1987 വരെയുള്ള കാലഘട്ടത്തിൽ ആസൂത്രണകമ്മീഷൻ ഉപാധ്യക്ഷനായി. പിന്നീട് പ്രധാനമന്ത്രിയായിരുന്ന വി പി സിംഗിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ചുമതലയേറ്റു. 1991 ൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ ചെയർമാനായി. തുടർന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.