വിഖ്യാത സാഹിത്യകാരൻ എം ടി വാസുദേവൻ നായർ ഇനി ഓർമ, കണ്ണീര്‍ പ്രണാമത്തോടെ കേരളം

എം.ടി വാസുദേവൻ നായരുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
കോഴിക്കോട്:
വിഖ്യാത സാഹിത്യകാരൻ എം ടി വാസുദേവൻ നായർ ഇനി ഓർമ. മലയാളത്തിന്റെ അക്ഷര കുലപതിയുടെ ഭൗതികശരീരം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി. ഔദ്യോഗിക ബഹുമതികളോടെ മാവൂർ റോഡ് സ്മൃതിപഥത്തിലായിരുന്നു അന്ത്യകർമങ്ങളും സംസ്‌കാരവും. എംടിയുടെ സഹോദരപുത്രൻ ടി സതീശനാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്. സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മന്ത്രിമാരായ മുഹമ്മദ് റിയാസ്, എം ബി രാജേഷ്, എ കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എം പിമാരായ എം കെ രാഘവൻ, എ എ റഹിം, എംഎൽഎമാരായ ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ, ടി സിദ്ദീഖ്, കോഴിക്കോട് മേയർ ബീനാ ഫിലിപ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

ഭൗതികശരീരം വഹിച്ച് വീട്ടിൽനിന്ന് ആംബുലൻസ് പുറപ്പെടുന്നതുവരെയും ‘സിതാര’യിലേക്ക് ജനം ഒഴുകിയെത്തി. മലയാളത്തിന്റെ പ്രിയസാഹിത്യകാരനെ ഒരു നോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും വഴിനീളെ ആളുകൾ കാത്തുനിന്നു. വ്യാഴാഴ്ച വൈകിട്ട് 4.15ഓടെ എം ടി അവസാനമായി ‘സിതാര’യുടെ പടിയിറങ്ങി. കൊട്ടാരം റോഡ്, നടക്കാവ്, ബാങ്ക് റോഡ്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വഴി മാവൂർ റോഡിലെ പൊതുശ്മശാനത്തിലേക്ക്.
അന്ത്യോപചാരം അർപ്പിച്ച് മോഹൻലാൽ

എം ടി വാസുദേവൻ നായരെ കോഴിക്കോട്ടെ വീട്ടിലെത്തി മോഹൻലാൽ അന്ത്യോപചാരം അർപ്പിച്ചു. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് കോഴിക്കോട്ടെ എംടിയുടെ സിത്താര എന്ന വീട്ടിലേക്ക് മോഹൻലാൽ എത്തിയത്.
എനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തിയാണ് എംടി വാസുദേവൻ നായർ. ഒരുപാട് തവണ പരസ്പരം കാണുന്നില്ലെങ്കിലും തമ്മിൽ നല്ല സ്നേഹ ബന്ധമുണ്ടായിരുന്നു. ഞാൻ അഭിനയിച്ച നാടകങ്ങൾ കാണാൻ അദ്ദേഹം മുംബൈയിൽ എത്തിയിരുന്നു. തമ്മിൽ വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു. ഓളവും തീരവുമാണ് അവസാന ചിത്രം. ഇന്ത്യ കണ്ട മികച്ച എഴുത്തുകാരനെയാണ് നഷ്ടമായത് താൻ ആരോഗ്യ വിവരങ്ങൾ ആശുപത്രിയിൽ വിളിച്ചു അന്വേഷിച്ചിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു.

കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10 മണിയോടെയാണ് എം.ടിയുടെ അന്ത്യം സംഭവിച്ചത്. കിഡ്നിയുടെയും ഹൃദയത്തിൻ്റെയും പ്രവർത്തനം മന്ദഗതിയിലായതോടെ മരണം സംഭവിക്കുകയായിരുന്നു.
ഈ മാസം 15 നാണ് അദ്ദേഹത്തെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടയിൽ ഹൃദയാഘാതം ഉണ്ടായി. കഴിഞ്ഞ നാല് ദിവസം ആരോഗ്യനിലയിൽ കാര്യമായ മാറ്റമുണ്ടായിരുന്നില്ല. യന്ത്ര സഹായമില്ലാതെ ശ്വസിക്കാൻ സാധിക്കുമായിരുന്നു.
സംസ്ഥാനത്ത് 2 ദിവസം ദുഖാചരണം
എം.ടി വാസുദേവൻ നായരുടെ മരണത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസം ദുഖാചരണം ആചരിക്കും.
ഡിസംബർ 26, 27 തീയ്യതികളിൽ ഔദ്യോഗികമായി ദുഖാചരണം ആചരിക്കുന്നതിൻ്റെ ഭാഗമായി എല്ലാ സർക്കാർ പരിപാടികളും മാറ്റിവെച്ചു.
ഇന്ന് ചേരാനിരുന്ന മന്ത്രിസഭായോഗവും മാറ്റിവെച്ചു.

മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നഷ്‌ടമായതെന്നും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി അുശോചിച്ചു.