പാലോട് രവി ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചു

വിവാദ ഫോണ്‍ സംഭാഷണത്തിന് പിന്നാലെ തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം പാലോട് രവി രാജിവച്ചു. പാലോട് രവി സമര്‍പ്പിച്ച രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടതിനാല്‍ വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ.ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു. ഫോണ്‍ സംഭാഷണം ചോര്‍ത്തിയതിനാണ് ജലീലിനെ പുറത്താക്കിയത്.
നിലവിലെ സ്ഥിതിയില്‍ പോയാല്‍ സംസ്ഥാനത്ത് വീണ്ടും എല്‍ഡിഎഫ് അധികാരത്തിലേറുമെന്നുള്ള പാലോട് രവിയുടെ ഫോൺ സംഭാഷണമാണ് പുറത്തായത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ 60 മണ്ഡലങ്ങളില്‍ ബിജെപി കടന്നുകയറ്റം നടത്തുമെന്നും അദ്ദേഹം സംഭാഷണത്തിൽ പറഞ്ഞിരുന്നു. കോണ്‍ഗ്രസിനുള്ള തര്‍ക്കങ്ങളിലും പ്രവര്‍ത്തനരീതികളിലും ആശങ്കപ്പെട്ട് പാര്‍ട്ടി പ്രാദേശിക നേതാവുമായുള്ള പാലോട് രവിയുടെ ഫോണ്‍ സംഭാഷണമാണ് പുറത്തായത്. ഇതിന് പിന്നാലെ വൻതോതിൽ വിമർശനങ്ങളുയർന്നിരുന്നു.
പ്രാദേശിക കോൺഗ്രസ് നേതാവുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാലോട് രവി വലിയ പ്രതിസന്ധിയിലായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും തദ്ദേശ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകും എന്നുമാണ് പാലോട് രവി ഫോൺ സംഭാഷണത്തിൽ പറഞ്ഞത്.
നിയമസഭയിലും കോൺഗ്രസ് താഴെ വീഴുമെന്നും പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ട് പിടിച്ചതുപോലെ കാശ് കൊടുത്ത് ബിജെപി വോട്ട് പിടിക്കുമെന്നും രവി പറഞ്ഞു. കോൺഗ്രസ് പാർട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാർക്‌സിസ്റ്റ് പാർട്ടി ഭരണം തുടരും. ഇതോടെ ഈ പാർട്ടിയുടെ അധോഗതിയായിരിക്കും എന്നും പാലോട് രവി പറഞ്ഞിരുന്നു.