സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ് 4,500 രൂപ; 20,000 രൂപ അഡ്വാൻസ്

തിരുവനന്തപുരം:
സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഈ ഓണത്തിന് 4,500 രൂപ ബോണസായി ലഭിക്കും. കഴിഞ്ഞ വർഷത്തേക്കാൾ 500 രൂപയുടെ വർധനവാണിത്. ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് ലഭിക്കുന്ന പ്രത്യേക ഉത്സവബത്ത 2,750 രൂപയിൽ നിന്ന് 3,000 രൂപയായി ഉയർത്തി.
എല്ലാ സർക്കാർ ജീവനക്കാർക്കും 20,000 രൂപ ഓണം അഡ്വാൻസ് ലഭിക്കും. പാർട്ട് ടൈം, കണ്ടിൻജൻ്റ് ജീവനക്കാർക്ക് 6,000 രൂപയാണ് അഡ്വാൻസ്. കൂടാതെ, പെൻഷൻകാർക്ക് ലഭിക്കുന്ന പ്രത്യേക ഉത്സവബത്ത 250 രൂപ വർധിപ്പിച്ച് 1,250 രൂപയാക്കി.
ധനമന്ത്രി കെഎൻ ബാലഗോപാൽ വാർത്താക്കുറിപ്പിൽ അറിയിച്ചതനുസരിച്ച്, 13 ലക്ഷത്തിലധികം ജീവനക്കാർക്കും പെൻഷൻകാർക്കും ഇതിൻ്റെ പ്രയോജനം ലഭിക്കും. കഴിഞ്ഞ വർഷം ആനുകൂല്യം ലഭിച്ച എല്ലാ വിഭാഗങ്ങൾക്കും ഈ വർധനവ് ഓണത്തിന് മുൻപ് തന്നെ നൽകും.
ഓഫിസ് അറ്റൻഡൻ്റ്, എൽഡി ക്ലർക്ക് തുടങ്ങിയ തസ്തികകളിലെ 37,129 രൂപയോ അതിൽ കുറവോ ശമ്പളമുള്ള ജീവനക്കാർക്ക് മാത്രമാണ് ഓണം ബോണസ് ലഭിക്കുക. കഴിഞ്ഞ വർഷം 4,000 രൂപയാണ് ഇവർക്ക് ബോണസായി ലഭിച്ചത്. ഇതിൽ കൂടുതൽ ശമ്പളമുള്ള ജീവനക്കാർക്ക് പ്രത്യേക ഉത്സവബത്തയാണ് ലഭിക്കുക.
ഓഫിസ് അറ്റൻഡൻ്റിന് 2022 ജൂലൈ മുതൽ ലഭിക്കേണ്ട 37 മാസത്തെ ക്ഷാമബത്ത കുടിശിക ഉത്തരവിൽ നിഷേധിച്ചു. 25,530 രൂപയാണ് 37 മാസത്തെ കുടിശികയായി ലഭിക്കേണ്ടത്. ഇതിന് പുറമെ ഓണം ബോണസിൽ 500 രൂപയുടെ വർധനവും വരുത്തി.
കഴിഞ്ഞ വർഷം ഉത്സവബത്ത ലഭിച്ച കരാർ, സ്കീം തൊഴിലാളികൾ, ആശാ വർക്കർമാർ, ഉച്ചഭക്ഷണ തൊഴിലാളികൾ, അങ്കണവാടി ജീവനക്കാർ തുടങ്ങിയ എല്ലാ വിഭാഗം ജീവനക്കാർക്കും 250 രൂപയുടെ വർധനവ് അനുവദിച്ചിട്ടുണ്ട്. 13 ലക്ഷത്തിലധികം സർക്കാർ ജീവനക്കാർക്കും തൊഴിലാളികൾക്കുമാണ് ഈ ഓണക്കാലത്തെ പ്രത്യേക സഹായം ലഭിക്കുക