പിണറായി സർക്കാരിന്റെ നയങ്ങളിൽ അടിമുടി മാറ്റം , അമൃതാനന്ദമയിയെ ആദരിക്കുന്നു

കൊല്ലം:
അമൃതാനന്ദമയിക്ക് ഇടതു സർക്കാർ ആദരമൊരുക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ മലയാളത്തില്‍ പ്രസംഗിച്ചതിന്റെ രജത ജൂബിലി ആഘോഷവേളയിലാണ് സംസ്ഥാന സർക്കാർ ആദരിക്കുന്നത്. ഇന്ന് (സെപ്റ്റംബർ 26) വൈകിട്ട് 5ന് അമൃത വിശ്വാവിദ്യാപീഠം അമൃതപുരി ക്യാംപസിൽ നടക്കുന്ന ചടങ്ങിൽ സാംസ്കാരികമന്ത്രി സജി ചെറിയാൻ, ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ എന്നിവർ ചേർന്നാണ് അമൃതാനന്ദമയിയെ ആദരിക്കുക. രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി “ഒരു ലോകം, ഒരു ഹൃദയം” എന്ന വിഷയത്തിൽ മലയാളഭാഷയുടെ പ്രചാരണവും പരിപോഷണവും ലക്ഷ്യമാക്കി സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഉപന്യാസരചന, ചിത്രരചനാ, ക്വിസ് മത്സരങ്ങൾ നടത്തും.
ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ 2000 ഓഗസ്റ്റ് 29 നു നടന്ന സഹസ്രാബ്ദ ലോക സമാധാന– ആധ്യാത്മിക ഉച്ചകോടിയിലായിരുന്നു അമൃതാനന്ദമയിയുടെ മലയാളത്തിലുള്ള പ്രസംഗം. മതങ്ങൾ തമ്മിലുള്ള സൗഹാർദത്തിന്റെയും ജനങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തിന്റെയും ശബ്ദമായിരുന്നു 3 മിനിറ്റ് നീണ്ട ആ പ്രസംഗം. ലോകത്തെ പ്രസിദ്ധരായ വാഗ്മികളെല്ലാം അണിനിരന്നിട്ടുള്ള വേദിയിൽ മാതാ അമൃതാനന്ദമയിയുടെ പ്രസംഗം ദാരിദ്ര്യ നിർമാർജനത്തിന്റെയും ആവശ്യകതയിലും പ്രകൃതിയുടെ പരിരക്ഷയിലും മതങ്ങളുടെ സമത്വത്തിലും ഊന്നിയുള്ളതായിരുന്നു. പ്രഭാഷണത്തിന്റെ കാതൽ സമ്മേളനം പ്രമേയമായി അംഗീകരിക്കുകയും ചെയ്തു.