ലഡാക് പ്രക്ഷോഭത്തിന്റെ കാരണക്കാരൻ സോനം വാങ് ചുക്കിനെ അറസ്റ്റ് ചെയ്‌തു

 ലഡാക് പ്രക്ഷോഭത്തിന്റെ കാരണക്കാരൻ      സോനം വാങ് ചുക്കിനെ അറസ്റ്റ് ചെയ്‌തു

പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്

ശ്രീനഗര്‍:

പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുകിനെ ലേ പൊലീസ് അറസ്റ്റ് ചെയ്‌തു. ദേശീയ സുരക്ഷ നിയമം ചുമത്തിയാണ് അറസ്റ്റ്. ലേയില്‍ നടന്ന പ്രതിഷേധത്തിന് നേരെ സുരക്ഷ ഉദ്യോഗസ്ഥര്‍ നിറയൊഴിച്ചതോടെ അഞ്ച് പേര്‍ക്ക് ജീവന്‍ നഷ്‌ടമായതിന് പിന്നാലെയാണ് അറസ്റ്റ്. അറസ്റ്റ് ചെയ്‌ത വാങ്ചുക്കിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. സുരക്ഷാ കാരണങ്ങളാലാണെന്നാണ് വിശദീകരണം. വിശദമായി ചോദ്യം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

പ്രക്ഷോഭത്തിനിടെ ഉണ്ടായ അനിഷ്‌ട സംഭവങ്ങളില്‍ 90 പേര്‍ക്ക് പരിക്കേറ്റിരുന്നു. ലഡാക്കിന് സംസ്ഥാന പദവിയും ഗിരിവര്‍ഗ മേഖലയ്ക്ക് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആറാം പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ത്തി വാങ് ചുക്കും ലേ അപക്‌സ് ബോഡിയും കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സും നടത്തുന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ഇവിടെ പ്രതിഷേധം അരങ്ങേറിയത്.

അധികൃതര്‍ ശക്തമായാണ് പ്രതിഷേധത്തെ നേരിട്ടത്. പ്രക്ഷോഭത്തിന് പിന്നാലെ വാങ് ചുക്കിന്‍റെ സ്റ്റുഡന്‍റ്സ് ആന്‍ഡ് കള്‍ച്ചറല്‍ മൂവ്മെന്‍റിനുള്ള വിദേശ സഹായം സ്വീകരിക്കാനുള്ള അനുമതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. ലേ പൊലീസ് നിരവധി പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു. 50 പേരെ തടവിലാക്കിയിട്ടുണ്ട്. പ്രദേശത്ത് അനിഷ്‌ട സംഭവങ്ങളുണ്ടാക്കുന്നവര്‍ക്കെതിരെ ഇനിയും നടപടിയുണ്ടാകുമെന്ന സൂചനകളും അധികൃതര്‍ നല്‍കിയിട്ടുണ്ട്.

2018ലെ രമണ്‍ മഗ്‌സെസെ പുരസ്‌കാര ജേതാവാണ് വാങ്ചുക്. തനിക്കെതിരെ പൊതുസുരക്ഷാ നിയമപ്രകാരം കേസെടുക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം ആരോപണമുയര്‍ത്തിയിരുന്നു. വിചാരണ കൂടാതെ രണ്ട് വര്‍ഷം വരെ തടവില്‍ പാര്‍പ്പിക്കാനാകുന്ന നിയമമാണിത്. തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇതിനിടയിലും ലേ സംഘര്‍ഷഭരിതമായി തുടരുകയാണ്. രണ്ട് ദിവസത്തേക്ക് മേഖലയിലെ അങ്കണവാടികളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ അവധി പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ഏഴുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഒരാളെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് കൊണ്ടു പോയി. ഏഴ് പേര്‍ക്കും സങ്കീര്‍ണമായ ശസ്‌ത്രക്രിയ നടത്തി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News