നാറ്റോ രാജ്യങ്ങൾക്കു ശക്തമായ മുന്നറിയിപ്പുമായി റഷ്യ

കിഴക്കൻ യൂറോപ്പിലും ബാൾട്ടിക് രാജ്യങ്ങൾക്കിടയിലും നാറ്റോ സൃഷ്ടിക്കുന്ന അനാവശ്യ ഭീഷണിക്കെതിരെയും പ്രകോപനപരമായ പ്രസ്താവനകൾക്കെതിരെയും ശക്തമായ പ്രതികരണവുമായി റഷ്യ രംഗത്തെത്തിയിരിക്കുകയാണ്. തങ്ങളുടെ സൈനിക വിമാനങ്ങളെ വെടിവച്ചിടാൻ ശ്രമിക്കുന്ന ഏതൊരു നാറ്റോ അംഗരാജ്യവുമായും റഷ്യ നേരിട്ടുള്ള ‘യുദ്ധം’ ആരംഭിക്കുമെന്ന ഗുരുതരമായ മുന്നറിയിപ്പാണ് പാരീസിലെ റഷ്യൻ പ്രതിനിധി അലക്സി മെഷ്കോവ് നൽകിയിരിക്കുന്നത്. റഷ്യൻ സൈനിക വിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ചു എന്ന എസ്തോണിയയുടെയും പോളണ്ടിന്റെയും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഈ സംഘർഷാവസ്ഥയ്ക്ക് ആക്കം കൂട്ടുകയാണ്.
റഷ്യൻ നയതന്ത്രജ്ഞനായ മെഷ്കോവ് ഫ്രാൻസിന്റെ ആർടിഎൽ റേഡിയോ സ്റ്റേഷനോട് സംസാരിക്കുകയായിരുന്നു. റഷ്യൻ യുദ്ധവിമാനങ്ങളിലൊന്ന് നാറ്റോ വെടിവച്ചിട്ടാൽ എങ്ങനെ പ്രതികരിക്കുമെന്ന ചോദ്യത്തിന്, “അത് യുദ്ധത്തെ അർത്ഥമാക്കും” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നാറ്റോ സൈനിക വിമാനങ്ങൾ ധാരാളം തവണ അബദ്ധവശാൽ റഷ്യൻ വ്യോമാതിർത്തി ലംഘിച്ചിട്ടും അവയെ വെടിവച്ചിടാൻ റഷ്യ ശ്രമിക്കാറില്ലെന്ന് മെഷ്കോവ് ചൂണ്ടിക്കാട്ടി. നാറ്റോ അംഗരാജ്യങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കുന്ന വസ്തുതകൾ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.