നവതിയിലെത്തിയ അഭിനയ ചക്രവർത്തി ഇന്നും ലാളിത്യത്തിന്റെ നിറകുടം
മലയാളസിനിമ ലോകത്തെ ത്രിമൂർത്തികളിൽ സത്യന്റെയും നസീറിന്റെയും വിയോഗത്തിലും നമ്മുടെചിന്തകളിൽ അവരുമായി അടുപ്പിക്കുന്ന ഘടകമായി ഇപ്പോഴും നിലകൊള്ളുന്നത് മധു എന്ന അതികായനാണ്.ഇതിഹാസ തുല്യ ജീവിതംനയിക്കുന്ന അദ്ദേഹത്തിന്റെ സാന്നിധ്യംതന്നെ മഹത്തരവും മാതൃകാപരവുമാണ്.”നിണമണിഞ്ഞ കാൽപ്പാടുകളിൽ “തുടങ്ങി,നടനെന്ന നിലയിൽ ആത്മവിശ്വാസം നേടിക്കൊടുത്ത മലയാള സിനിമയുടെമികച്ച ക്‌ളാസിക്കെന്ന് വിശേഷിപ്പിക്കാവുന്ന വിൻസെന്റ് മാസ്റ്ററുടെ “ഭാർഗവീ നിലയത്തിലെ”ഉജ്ജ്വലമായ അഭിനയത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച, പിന്നീട് ഇമേജിനു ചുറ്റും കറങ്ങാതെ സി. രാധാകൃഷ്ണന്റെ തേവിടിശ്ശി എന്ന നോവൽ ‘പ്രിയ’എന്ന പേരിൽ സിനിമയാക്കി സംവിധാനം ചെയ്ത്, അഭിനയസാധ്യത കണക്കിലെടുത്ത് അതിലെ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ സ്വീകരിക്കുകയും ഹാസ്യം കൈകാര്യം ചെയ്ത് വന്നിരുന്ന അടൂർഭാസിയെ നായകനാക്കുകയും ചെയ്ത മധു എന്ന കലാകാരൻ ഒരേസമയം താരവും, നായകനും നടനുമായിരുന്നു.400ലേറെ ചിത്രങ്ങളിൽ അഭിനയിച്ച, രാജ്യം പദ്മശ്രീ നൽകി ആദരിച്ച, ജെ. സി. ഡാനിയേൽ അവാർഡ് ലഭിച്ച മധുവിന് ദാദാ സാഹിബ് ഫാൽകെ അവാർഡും ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കാം.
തിരുവനന്തപുരം കണ്ണമ്മൂലയിലെ ‘ശിവഭവനം ‘വീട്ടിൽ മധുസാറിനെ നേരിൽ കണ്ട് ആദരവ് അറിയിക്കാൻ ജി. വിവേകാനന്ദൻ ഫൌണ്ടേഷൻ ഭാരവാഹികൾ പോകുമ്പോൾ ഇത്രയും സാധാരണക്കാരനായ വ്യക്തിയാണ് അദ്ദേഹം എന്ന് ആരും കരുതിയുട്ടാണ്ടാവില്ല.മലയാള സിനിമയിലെ കാരണവർ ആണ് തങ്ങളുടെ മുന്നിൽ ഇരിയ്ക്കുന്നതെന്ന ധാരണ തിരുത്തിപറയിപ്പിക്കുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം.ലാളിത്യം മുഖമുദ്രയാക്കിയുള്ള ജീവിതം.നടൻ, സംവിധായകൻ, നിർമാതാവ്, സ്റ്റുഡിയോ ഉടമ തുടങ്ങി വ്യത്യസ്ത മേഖലകളിൽ ആറു പതിറ്റാണ്ടായി സിനിമയിൽ സജീവമായിരുന്ന മധുവിന് വലിപ്പചെറുപ്പമില്ലാതെ സന്ദർശകരെ സ്വീകരിക്കാൻ, സൽക്കരിക്കാൻ യാതൊരു മടിയും കാട്ടാറില്
മധു -ശാരദാ ജോഡി അഭിനയിച്ച “അഭിജാത്യം” എന്ന സിനിമയിലെ” വൃശ്ചിക രാത്രി തൻ അരമന മുറ്റത്തൊരു പിച്ചക പൂപന്തലൊരുക്കി വാനം” എന്ന ഗാനം സിനിമ പിന്നണി ഗായകനും സംഗീത സംവിധായകനുമായ ശിവപ്രസാദ് അർച്ചനയായി പാടിയപ്പോൾ അദ്ദേഹത്തിന്റെ മനസ് പഴയകാല സ്മരണയിലേയ്ക്ക് പോകുന്നതായി തോന്നി. ആ ഭാവഹാവാദികൾ മറ്റുള്ളവർക്കും നവ്യാനുഭവം സൃഷ്ടിച്ചു.നിഷ്കാമപ്രേമത്തിന്റെ ദൃഷ്ടാന്തമായി, ഏറ്റവും നല്ല റൊമാന്റിക് ഹീറോ പരിവേഷങ്ങളിലൊന്നായ “ചെമ്മീനിലെ” പരീക്കുട്ടിയെ ആ നിമിഷം ഓർത്തുപോയി.
ജി. വിവേകാനന്ദിന്റെ “കള്ളിച്ചെല്ലമ്മ”എന്ന സിനിമയിലെ അത്രാൻ കണ്ണ് മുതലാളി എന്ന കഥാപാത്രം നായകൻ നസീറിന്റെ ആന്റിഹീറോ പരിവേഷമുള്ള കഥാപാത്രത്തേക്കാൾ പ്രിയങ്കരമായിരുന്നു, ആ ഓർമ്മകളും അദ്ദേഹം പങ്ക് വച്ചു.കഥാപാത്രങ്ങളുടെ വലിപ്പച്ചെറുപ്പം അന്നത്തെ കാലത്ത് നായകന്മാർ കണക്കിലെടുക്കാറില്ല എന്നതിന് ഉദാഹരണമാണിത്. ജി. വിവേകാനന്ദനുമായുള്ള നല്ല ഓർമ്മകൾ അദ്ദേഹം ഓർത്തെടുത്തു.ഫൌണ്ടേഷൻ സെക്രട്ടറി ശിവാസ് വാഴമുട്ടം അദ്ദേഹത്തെ സ്നേഹോപഹാരം നൽകി ആദരിച്ചു. പ്രസിഡന്റ് ഗോപാലകൃഷ്ണൻ നായർ, രക്ഷാധികാരിയും ജി. വിവേകാനന്ദന്റെ സഹോദരനുമായ ശിവരാജൻ, സംവിധായകൻ സുനിൽദത്ത് സുകുമാരൻ, സുരേഷ് പെരുമ്പളളി, ഗാനരചയിതാവ് ജോയ് പാച്ചല്ലൂർ . ശശിധരൻഎന്നിവരും സന്നിഹിതരായിരുന്നു.