കുട്ടിയുടെ അമ്മയ്ക്ക് ഫോൺ കോൾ വന്നത് പാരിപ്പള്ളിയിലെ ഒരു വ്യാപാരിയുടെ ഫോണിൽ നിന്ന്

കൊല്ലം :
കൊല്ലം ഓയൂരിൽ 6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്ക് ഫോൺ കോൾ വന്നത് പാരിപ്പള്ളിയിലെ ഒരു വ്യാപാരിയുടെ ഫോണിൽ നിന്ന്. ഓട്ടോയിൽ വന്ന 2 അംഗ സംഘം തന്റെ ഫോൺ വാങ്ങി വിളിച്ചുവെന്നാണ് വ്യാപാരിയുടെ മൊഴി. പൊലീസ് വ്യാപാരിയുടെ മൊഴിയെടുത്തു. കൊല്ലം- തിരുവനന്തപുരം ജില്ലാ അതിർത്തി കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്.
അധികദൂരം കുട്ടിയുമായി പോകാൻ സാധ്യതയില്ലെന്നും ജില്ലയ്ക്കുള്ളിൽ വ്യാപക പരിശോധന നടത്തുകയാണെന്നും പൊലീസ് പറയുന്നു. എല്ലാ ജില്ലകളിലും പരിശോധന നടത്താനാണ് ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയുടെ നിർദേശം. ഇതുപ്രകാരം 14 ജില്ലകളിലും അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.
സഹോദരനൊപ്പം ട്യൂഷന്‍ പോകുന്നതിനിടെയാണ് ഓയൂർ സ്വദേശി റെജിയുടെ മകൾ അബിഗേൽ സാറയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്. നാലുപേരാണ് കാറിലെത്തിയതെന്നും അമ്മക്ക് കൊടുക്കാനായി ഒരു പേപ്പർ കൊടുക്കാൻ നീട്ടിയെന്നും ഇല്ലെന്ന് പറഞ്ഞപ്പോൾ കുട്ടിയെ വലിച്ചിടുകയുമായിരുന്നെന്ന് അനിയൻ പറയുന്നു.
ഒരു സ്ത്രീയും കാറിലുണ്ടായിരുന്നെന്നാണ് അനിയൻ പറയുന്നത്. സംഭവത്തില്‍ സിസിടിവി കേന്ദ്രീകരിച്ച് വ്യാപക തെരച്ചില്‍ നടത്തുകയാണ് പൊലീസ്. എംസി റോഡ് ഉടനീളം പരിശോധന നടത്തുന്നുണ്ട്. സംശയമുള്ള വാഹനങ്ങളെല്ലാം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

