ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയി, അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു.

കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്പറുകളില്‍ അറിയിക്കുക: 9495 578 999, 9946 923 282.
കൊല്ലം:
കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മോചന ദ്രവ്യം ആവശ്യപ്പെട്ട് കുടുംബത്തിന് ഫോണ്‍കോള്‍. കുട്ടിയെ വിട്ടുകിട്ടാന്‍ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് ഒരു സ്ത്രീയാണ് വിളിച്ചെന്നാണ് വിവരം. ഫോണ്‍ കോളിന്റെ ആധികാരികത പൊലീസ് പരിശോധിക്കുകയാണ്. ഇന്ന് വൈകിട്ടാണ് സഹോദരനൊപ്പം ട്യൂഷന്‍ പോകുന്നതിനിടെ സാറ റെജിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഓയൂര്‍ സ്വദേശി റെജിയുടെ മകളാണ് അഭികേല്‍ സാറ റെജി. ഓയൂര്‍ കാറ്റാടിമുക്കില്‍ വെച്ച് വെള്ള നിറത്തിലുള്ള ഹോണ്ട അമേസ് കാറിലാണ് ഇവരെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ വാഹനത്തില്‍ നാല്പേരുണ്ടായിരുന്നുവെന്നാണ് വിവരം. ഇതിലൊരാള്‍ സ്ത്രീയാണ്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വ്യാപക തെരച്ചില്‍ നടത്തുകയാണ്.
ഒരു കടലാസ് അമ്മയ്ക്ക് കൊടുക്കണമെന്ന് പറഞ്ഞാണ് കാർ അടുത്ത് കൊണ്ട് നിർത്തിയതെന്നും കുട്ടിയെ പിടിച്ചു വലിച്ച് കയറ്റുകയായിരുന്നുവെന്നുമാണ് സഹോദരൻ പറയുന്നത്. 3176 നമ്പറിലുള്ള കാറിലാണ് തട്ടിക്കൊണ്ട് പോയതെന്ന് അനിയൻ പോലീസിനോട് പറഞ്ഞു.
കുട്ടിയെ കണ്ടെത്താന്‍ എംസി റോഡില്‍ ഉടനീളം പരിശോധന നടത്തുന്നുണ്ട്. സംശയമുള്ള വാഹനങ്ങളെല്ലാം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. എല്ലാ പൊലീസ് സ്റ്റേഷനിലും വിവരം നല്‍കിയെന്ന് റൂറല്‍ എസ്പിഅറിയിച്ചു. ആസൂത്രിതമായ തട്ടിക്കൊണ്ടുപോകലെന്നാണ് പൊലീസ് പറയുന്നത്.
കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്പറുകളില്‍ അറിയിക്കുക: 9495 578 999, 9946 923 282.


