ഗവർണറുടെ ചായ സത്കാരം ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുക്കിയ ചായ സത്കാരം മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്കരിച്ചു. രാജ്യത്തിൻ്റെ എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാജ്ഭവനിലാണ് ഗവർണർ അറ്റ്ഹോം വിരുന്ന് ഒരുക്കിയിരുന്നത്. നിയമസഭയിലെ നയ.പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഗവർണർക്കെതിരെ ബഹിഷ്കരണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ (Kerala Government) കഴിഞ്ഞദിവസം രംഗത്തെത്തിയത്.
രാജ് ഭവനിൽ വെള്ളിയാഴ്ച വൈകിട്ടാണ് വിരുന്ന് നിശ്ചയിച്ചിരുന്നത്. ഈ വിരുന്നിലേക്ക് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറമേ വിശിഷ്ടാതിഥികൾക്കും ക്ഷണമുണ്ടായിരുന്നു. എന്നാൽ വിരുന്നിന് മുഖ്യമന്ത്രിയോ സംസ്ഥാന മന്ത്രിമാരോ ആരും രാജ്ഭവനിൽ എത്തിയിരുന്നില്ല. രാവിലെ നടന്ന റിപ്പബ്ലിക് ദിന പരിപാടിയിലും ഗവർണറും മുഖ്യമന്ത്രിയും പങ്കെടുത്തിരുന്നെങ്കിലും ഇരുവരും പരസ്പരം മിണ്ടിയില്ല.അതിനു പിന്നാലെയായിരുന്നു സംസ്ഥാന മന്ത്രിമാർ വിരുന്ന് ബഹിഷ്കരിച്ച് രംഗത്തെത്തിയത്.

