നവീന്‍ബാബുവിൻ്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍

എ.ഡി.എം. നവീന്‍ബാബുവിൻ്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മരണത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ബാബുവിൻ്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. സി.ബി.ഐ. എന്നത് അന്വേഷണത്തിന്‍റെ അവസാനവാക്കല്ലെന്നും അദ്ദേഹം പറഞ്ഞു.
നവീന്‍ബാബുവിൻ്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ ഭാര്യയാണ് കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. സി.പി.എം. നേതാവ് പ്രതിയായ കേസില്‍ കൃത്യമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്നും അതിനാല്‍ സി.ബി.ഐ. അന്വേഷണം നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. നവീന്‍ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന സംശയമുണ്ടെന്നും സംഭവത്തില്‍ പി.പി. ദിവ്യയുടെ പങ്കിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിയില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.