വെള്ളായണി വവ്വാമൂല കായലിൽ മുങ്ങി മരിച്ച മൂന്നു വിദ്യാർത്ഥികളുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും

തിരുവനന്തപുരം:
വെള്ളായണി വവ്വാമൂല കായലിൽ മുങ്ങി മരിച്ച മൂന്നു വിദ്യാർത്ഥികളുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. തുടർന്ന് ഇവരുടെ മൃതദേഹം വിഴിഞ്ഞം ക്രൈസ്റ്റ് നഗർ കോളേജിൽ പൊതുദർശനത്തിന് വയ്ക്കും. അവധി ആഘോഷിക്കാനെത്തിയ വിഴിഞ്ഞം ക്രൈസ്റ്റ് നഗർ കോളേജിലെ വിദ്യാർത്ഥികളായ മുകുന്ദൻ ഉണ്ണി(19), ഫെഡ്റിൻ(19), ലിനോൺ(20) എന്നിവരാണ് മരിച്ചത്.

കുളിക്കുന്നതിനിടയിൽ അപകടത്തിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ആയിരുന്നു മറ്റുള്ളവരും അപകടത്തിൽപ്പെട്ടത്. വിഴിഞ്ഞം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം
ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ആയിരിക്കും കോളേജിൽ പുതുദർശനത്തിന് എത്തിക്കുക. തുടർന്ന് വീടുകളിലേക്ക് കൊണ്ടുപോകും.
റിപ്പബ്ലിക് ദിനമായ വെള്ളിയാഴ്ച അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു വിദ്യാർത്ഥികൾ. ഇവർ നാലു പേരാണ് ഇവിടെ കുളിക്കാൻ എത്തിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന സൂരജ് കായലിൽ ഇറങ്ങിയിരുന്നില്ല. കുളിക്കുന്നതിനിടയിൽ മണൽ മാഫിയകൾ നിർമ്മിച്ചിട്ട കുഴിയിൽ അകപ്പെട്ട് ആയിരുന്നു കുട്ടികൾ അപകടത്തിൽപ്പെട്ടത്. വിഴിഞ്ഞത്തു നിന്ന് ഫയർഫോഴ്സ് എത്തിയായിരുന്നു മൃതദേഹങ്ങൾ പുറത്തെടുത്തത്. ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്.

