ശബരിമല സ്വർണക്കൊള്ളക്കേസ്: തന്ത്രിക്കെതിരെ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ മൊഴി
തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച ശബരിമല സ്വർണക്കൊള്ളക്കേസിൽ റിമാൻഡിലുള്ള ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ. പത്മകുമാർ, തന്ത്രി കണ്ഠരര് രാജീവർക്കെതിരെ നിർണായകമായ മൊഴി നൽകി.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചതും തനിക്ക് പരിചയപ്പെടുത്തിയതും തന്ത്രിയാണെന്ന് പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) മുമ്പാകെ മൊഴി നൽകി. കൂടാതെ, സ്വർണ്ണപ്പാളികൾ ചെന്നൈയിലേക്ക് കൊടുത്തുവിടാൻ തന്ത്രിയാണ് അനുമതി നൽകിയതെന്നും പത്മകുമാർ വെളിപ്പെടുത്തി. തന്ത്രി കൊണ്ടുവന്നതിനാലാണ് പോറ്റിയെ വിശ്വസിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് സാമ്പത്തികപരമായ ഇടപാടുകൾ ഉണ്ടായിരുന്നില്ലെന്നും എന്നാൽ പോറ്റി തന്റെ ആറന്മുളയിലെ വീട്ടിൽ വരാറുണ്ടായിരുന്നെന്നും പത്മകുമാർ മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴി കേസിന്റെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവായേക്കാം.
