ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: തന്ത്രിയുടെ മൊഴിയിൽ വൈരുദ്ധ്യം; ‘പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയിട്ടില്ല’
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴിക്കു വിരുദ്ധമായി തന്ത്രി കണ്ഠരര് രാജീവർ മൊഴി നൽകി. സ്വർണ്ണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) മുമ്പാകെ തന്ത്രി മൊഴി നൽകിയത്.
സ്വർണ്ണപ്പാളികൾക്ക് അറ്റകുറ്റപ്പണി നടത്താൻ മാത്രമാണ് അനുമതി നൽകിയതെന്നും, നടപടിക്രമങ്ങൾ പാലിച്ചാണ് ഈ അനുമതി നൽകിയതെന്നുമാണ് കണ്ഠരര് രാജീവറും കണ്ഠരര് മോഹനരും നൽകിയ വിശദീകരണം. പത്മകുമാർ നൽകിയ മൊഴിയിൽ, പാളികൾ ചെന്നൈയിലേക്ക് കൊടുത്തുവിടാൻ തന്ത്രിമാർ അനുമതി നൽകിയെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, തന്ത്രിയുടെ മൊഴി ഇതിന് വിരുദ്ധമാണ്.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ആദ്യം പരിചയം കീഴ്ശാന്തി എന്ന നിലയിലായിരുന്നുവെന്നും, പിന്നീട് സ്പോൺസർ എന്ന നിലയിൽ പരിചയം തുടർന്നുവെന്നും തന്ത്രിയുടെ മൊഴിയിലുണ്ട്.
അതേസമയം, റിമാൻഡിലുള്ള പത്മകുമാറിനെ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങിയ എസ്.ഐ.ടി. ഇന്ന് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും.
