ആദ്യ വിവാഹം ഈ മാസം 30ന്

തിരുവനന്തപുരം:
സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള ആദ്യ ഡെസ്റ്റിനേഷൻ വെഡിങ് കേന്ദ്രം ശംഖുംമുഖത്തു ഒരുങ്ങുന്നു.ബീച്ചിനോട് ചേർന്നുള്ള പാർക്കിലാണ് കേന്ദ്രം.ഇവിടുത്തെ ആദ്യ വിവാഹം ഈ മാസം 30ന് നടക്കുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു.കേരളത്തിൽ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഡെസ്റ്റിനേഷൻ വെഡിങ് കേന്ദ്രങ്ങളുള്ളത്.ഇനി ശംഖുംമുഖത്തും ഇത്തരം സൗകര്യം ലഭ്യമാകും.പ്രശസ്തമായ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളെ ഉൾപ്പെടുത്തിയാണ് ഇവിടെ പ്രോഗ്രാം സംഘടിപ്പിക്കുന്നത്.കടൽ വിഭവങ്ങളും കേരളീയ ഭക്ഷണവും ഉൾപ്പെടുത്തിയാകും വിരുന്ന് സൽക്കാരം.ഇതിന്റെ ഭാഗമായി ബീച്ചും പരിസരവും മനോഹരമാക്കാനും പദ്ധതിയുണ്ട്.ടൂറിസം വകുപ്പ് രണ്ട് കോടിയാണ് ഇതിന് വേണ്ടി ചിലവഴിക്കുന്നത്.മാനവീയം, കനകക്കുന്ന് എന്നിവയ്ക്ക് പുറമെ ശംഖുംമുഖം ബീച്ചും നൈറ്റ് ലൈഫ് കേന്ദ്രമാക്കാൻ ലക്ഷ്യമിടുന്നു. വിനോദ പരിപാടികൾക്കായ് സ്റ്റേജുകളും തയ്യാറാക്കുന്നു. കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്നതോടെ ടൂറിസം വകുപ്പിന് നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

