ഗവർണറെ അപായപ്പെടുത്താൻ ഗൂഢാലോചന : കേന്ദ്രമന്ത്രി വി മുരളീധരൻ.

ഗവർണറെ വഴിതടയുമ്പോൾ പൊലീസ് നോക്കിനിൽക്കുകയാണെന്നും ഗവർണറെ അപായപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ. അഴിമതിക്ക് കൂട്ടുനിൽക്കത്ത ഗവർണറെ അപായപ്പെടുത്താൻ ശ്രമം തുടരുകയാണ്. കേരള പൊലീസിനെ ആശ്രയിച്ച് നിൽക്കേണ്ട ആവശ്യം ഗവർണർക്കില്ല. കേന്ദ്രസേന അദ്ദേഹത്തിന് സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗവര്‍ണര്‍ക്കും രാജ്ഭവനും Z+ സുരക്ഷ അനുവദിച്ചു. ഇന്നലെ അദ്ദേഹം പങ്കെടുത്ത അവസാന പരിപാടിയിൽ കേന്ദ്ര സേനയാണ് സുരക്ഷയൊരുക്കിയിരുന്നത്. എസ്എഫ്ഐയുടെ കരിങ്കൊടി പ്രകടനത്തിനെതിരെ ഗവര്‍ണര്‍ റോഡരികില്‍ കുത്തിയിരിപ്പ് സമരം നടത്തിയതിന് പിന്നാലെയാണ് ഈ നീക്കം. ശനിയാഴ്ച കൊല്ലം ജില്ലയിലെ നിലമേല്‍ വെച്ച് ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് നേരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നാടകീയ രംഗങ്ങളാണ് നടന്നത്.
താന്‍ കേന്ദ്ര സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു . സുരക്ഷയില്‍ തീരുമാനമെടുത്തത് കേന്ദ്ര സര്‍ക്കാരാണ്. 22 പ്രതിഷേധക്കാരെ തടയാന്‍ സ്ഥലത്ത് നൂറ് പൊലീസുകാരുണ്ടായിരുന്നു. എന്നിട്ടും ആരും തടഞ്ഞില്ല. ആരാണ് പൊലീസിനെ തടഞ്ഞത്? താന്‍ പ്രതിഷേധിക്കുമ്പോഴാണ് പൊലീസ് കേസെടുക്കുന്നത്. മുഖ്യമന്ത്രിക്ക് പൊലീസ് ഇതുപോലെയാണോ സുരക്ഷയൊരുക്കുന്നത്? തന്റെ കാറിലിടിക്കാതെ തന്നെ ഇടിക്കൂവെന്നും ഗവര്‍ണര്‍ പറഞ്ഞു. തിരുവനന്തപുരത്ത് മസ്കറ്റ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

