വിജയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് പാർട്ടികൾ

വിജയ്ക്ക് എതിരെ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസ് എടുക്കണമെന്ന് സിപിഎം തമിഴ്‌നാട് ഘടകം ആവശ്യപ്പെട്ടു. നടനെ അറസ്റ്റ് ചെയ്യണമെന്നാണ് കോൺഗ്രസിൻ്റെയും ഡിഎംകെയുടെയും ആവശ്യം. ഇതിനിടെ, തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെത്തിയ വിജയ് സ്വകാര്യ വിമാനത്തിൽ ചെന്നൈയിലേക്ക് പുറപ്പെട്ടു. വിജയ്‌ക്കെതിരെ കേസെടുക്കുമെന്നാണ് ഒടുവിലത്തെ വിവരം, ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നും അഭ്യൂഹമുണ്ട്.
പതിനായിരം പേർ പങ്കെടുക്കുന്ന റാലി നടത്താനാണ് കോടതി അനുമതി നൽകിയിരുന്നത്. അൻപതിനായിരം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ഗ്രൗണ്ടായിരുന്നു സമ്മേളനത്തിനായി സജ്ജീകരിച്ചത്. എന്നാൽ രണ്ടു ലക്ഷം പേരെങ്കിലും റാലിക്ക് എത്തിക്കാണുമെന്നാണ് വിവിധ തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.
വിജയ്‌യുടെ പ്രതികരണം
കരൂരിൽ തമിഴക വെട്രി കഴകത്തിൻ്റെ റാലിക്കിടെയുണ്ടായ അപകടത്തിൽ പ്രതികരിച്ച് വിജയ് ഹൃദയം തകർന്നെന്ന് അറിയിച്ചു. ഹൃദയം തകർന്നും സഹിക്കാനാകാത്ത വേദനയെന്നുമാണ് എക്സിൽ പങ്കുവച്ച കുറിപ്പിലുള്ളത്. വിജയൻ്റെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 36 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്.
കരൂരിലെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങളുടെ കുടുംബങ്ങളെ ദുഃഖം അറിയിക്കുന്നുവെന്നും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നുവെന്നും വിജയ് എഴുതി. അപകടത്തിനു ശേഷം വിജയ് ട്രിച്ചിൽ നിന്നും സ്വകാര്യ വിമാനത്തിൽ ചെന്നൈയിലേക്ക് പോയിരുന്നു.