പി പി ദിവ്യ പോലീസ് കസ്റ്റഡിയിൽ; ചോദ്യം ചെയ്യൽ തുടരുന്നു
ദിവ്യ കീഴടങ്ങാനെത്തിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് കമ്മിഷണര്‍ വിശദീകരിച്ചു
കണ്ണൂർ:
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യ പൊലീസിനുമുന്നിൽ കീഴടങ്ങി. ദിവ്യ കസ്റ്റഡിയിലെന്ന് പൊലീസ് സ്ഥിരീകരിച്ചു. അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ഇപ്പോൾ ദിവ്യയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കീഴടങ്ങാനെത്തിയപ്പോൾ കണ്ണപുരത്ത് വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
തലശ്ശേരി ജില്ലാ സെഷൻ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് ദിവ്യ കീഴടങ്ങിയത്. പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പി പി ദിവ്യ ഇന്നലെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. രക്തസമ്മർദം ഉയർന്നതിനെ തുടർന്നാണ് ദിവ്യ ചികിത്സ തേടിയത്.
നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനായി ദിവ്യ കോടതിയെ സമീപിക്കുകയായിരുന്നു. യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്.