ഹോക്കിയിൽ വിജയത്തുടക്കത്തോടെ ഇന്ത്യ ഒളിമ്പിക്സിൽ
പാരിസ്:
നാല് പതിറ്റാണ്ടിനു ശേഷം സ്വർണം പ്രതീക്ഷിക്കുന്ന ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷ് തകർപ്പൻ കളം നിറഞ്ഞപ്പോൾ ന്യൂസിലൻഡിനെ 3-2ന് തോൽപ്പിച്ചു. ഷൂട്ടിങ് വേദിയിൽ നിന്ന് മെഡൽ പ്രതീക്ഷയുടെ വെടിയൊച്ച മുഴങ്ങി. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭക്തർ ഫൈനലിലെത്തി. ബാഡ്മിന്റണിൽ ലക്ഷ്യ സെൻ ആദ്യ മത്സരം ജയിച്ചു. ഡബിൾസിൽ സാത്വിക് സായ്രാജ് – ചിരാഗ് ഷെട്ടി സഖ്യവും മുന്നേറി. തുഴച്ചിലിൽ സൈനികനായ ബൽരാജ് പൻവാർ ഹീറ്റ്സിൽ നാലാമതായി. ആദ്യ സ്വർണ മെഡൽ ചൈനയ്ക്കാണ്. ഷൂട്ടിങ്ങിൽ 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം വിഭാഗത്തിൽ ഹുവാൻ യൂറ്റിങ്ങും ലിഹാലോ ലീഡുമാണ് ഒളിമ്പിക്സിലെ ആദ്യ സ്വർണമെഡൽ ജേതാക്കൾ.