നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ തള്ളി കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി രംഗത്ത്

സന:
യെമനിൽ വധശിക്ഷ കാത്ത് കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ തള്ളി കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി രംഗത്ത്. വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്ന കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഓഫിസിൻ്റെ പ്രസ്താവന പൂർണ്ണമായും തെറ്റാണെന്ന് ഫത്താഹ് മഹ്ദി തുറന്നടിച്ചു. തങ്ങളുടെ അനുമതിയില്ലാതെ സന്ധി ചെയ്തെന്ന് പ്രചരിപ്പിക്കുന്നത് കള്ളമാണെന്നും അദ്ദേഹം പറഞ്ഞു.
കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ തങ്ങളെ ആരാണ് ബന്ധപ്പെട്ടതെന്നും ഇത്തരമൊരു നുണപ്രചാരണത്തിന് പിന്നിൽ ആരാണെന്നും വ്യക്തമാക്കണമെന്നും ഫത്താഹ് മഹ്ദി ആവശ്യപ്പെട്ടു. നിമിഷ പ്രിയയുടെ മാപ്പപേക്ഷയെ സംബന്ധിച്ച് കേന്ദ്രസർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.