പ്രധാനമന്ത്രി മോദി ജപ്പാനിലെത്തി

 പ്രധാനമന്ത്രി മോദി   ജപ്പാനിലെത്തി

ടോക്കിയോ: പ്രധാനമന്ത്രി മോദി ജപ്പാനിൽ എത്തി

ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുക, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക, പ്രാദേശിക, ആഗോള സഹകരണം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ സന്ദർശനത്തിന്റെ ലക്ഷ്യം.

15-ാമത് ഇന്ത്യ-ജപ്പാൻ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി മോദി വെള്ളിയാഴ്ച ജപ്പാനിലെത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെ അദ്ദേഹം ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായി കൂടിക്കാഴ്ച നടത്തും.  ജപ്പാനീസ് പ്രധാനമന്ത്രി ഇഷിബയുമായുള്ള അദ്ദേഹത്തിന്റെ ആദ്യ വാര്‍ഷിക ഉച്ചകോടിയാണിത്. ജപ്പാനുമായുള്ള ബന്ധത്തിന് ഇന്ത്യ നല്‍കുന്ന ഉയര്‍ന്ന മുന്‍ഗണന ഈ സന്ദർശനം അടിവരയിടുന്നു.

ടോക്കിയോയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഇന്ത്യയിലെ ജപ്പാന്‍ അംബാസഡര്‍ ഒനോ കെയ്ച്ചി, ജപ്പാനിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ത്രിവര്‍ണ പതാകകള്‍ വീശി ഇന്ത്യന്‍ പ്രവാസികളും അദ്ദേഹത്തെ വരവേറ്റു.

വ്യാപാരം, നിക്ഷേപം, ക്ലീന്‍ എനര്‍ജി, അടിസ്ഥാന സൗകര്യങ്ങള്‍, സാങ്കേതിക വിദ്യ എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യയും ജപ്പാനും ദീർഘകാലമായി ബന്ധം നിലനിർത്തി വരുന്നു.

കഴിഞ്ഞ 11 വർഷത്തിനിടെ സുസ്ഥിരവും ഗണ്യവുമായ പുരോഗതി നേടിയ തങ്ങളുടെ പ്രത്യേക തന്ത്രപരവും ആഗോളവുമായ പങ്കാളിത്തത്തിന് പുതിയൊരു ഘട്ടം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ജപ്പാൻ സന്ദർശനത്തിന് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവനയിൽ പറഞ്ഞു.

“നമ്മുടെ സഹകരണത്തിന് പുതിയ ചിറകുകൾ നൽകാനും സാമ്പത്തിക, നിക്ഷേപ ബന്ധങ്ങളുടെ വ്യാപ്തിയും ലക്ഷ്യവും വികസിപ്പിക്കാനും എഐ, സെമികണ്ടക്ടറുകൾ എന്നിവയുൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകളിൽ സഹകരണം വർദ്ധിപ്പിക്കാനും ഞങ്ങൾ ശ്രമിക്കും,” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഈ സന്ദർശനത്തിൽ ജപ്പാനിലെ വിവിധ രാഷ്ട്രീയ നേതാക്കളുമായും ഇന്ത്യൻ സമൂഹവുമായും പ്രധാനമന്ത്രി സംവദിക്കും. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വ്യാപാരം, നിക്ഷേപം, സാങ്കേതിക ബന്ധങ്ങൾ എന്നിവ കൂടുതൽ ആഴത്തിലാക്കുകയെന്ന ലക്ഷ്യത്തോടെ ജാപ്പനീസ്, ഇന്ത്യൻ വ്യവസായ പ്രമുഖരുമായി ബിസിനസ് ലീഡേഴ്സ് ഫോറത്തിലും അദ്ദേഹം പങ്കെടുക്കും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News