സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ കെ.എം.സലിംകുമാർ അന്തരിച്ചു

കൊച്ചി:
സാമൂഹിക പ്രവർത്തകനും ചിന്തകനും എഴുത്തുകാരനുമായ കെ. എം. സലിംകുമാർ (76) അന്തരിച്ചു. ഇന്ന് പുലർച്ചെ 2.45 ന് എറണാകുളം കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം.
ഇടുക്കി തൊടുപുഴ വെള്ളിയാമറ്റം കുന്നത്തു മാണിക്കൻ്റെയും കോതയുടെയും മകനായി 1949 മാർച്ച് 10ന് ജനനം. കൊലുമ്പൻ പുത്തൻപുരയ്ക്കൽ വളർത്തച്ഛനായിരുന്നു. നാളിയാനി ട്രൈബൽ എൽ. പി. സ്കൂൾ, പൂച്ചപ്ര, അറക്കുളം യു.പി. സ്കൂൾ, മൂലമറ്റം ഗവർമെൻറ് ഹൈസ്കൂൾ, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
1975ല്‍ അടിയന്തരാവസ്ഥ കാലത്ത് 17 മാസം ജയില്‍വാസം. അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ ആഭിമുഖ്യത്തില്‍ 1989ല്‍ വൈക്കത്ത് മനുസ്മൃതി ചുട്ടെരിച്ചുകൊണ്ട് ദലിത് സംഘടന പ്രവര്‍ത്തനത്തില്‍ കേന്ദ്രീകരിച്ചു. അധഃസ്ഥിത നവോത്ഥാന മുന്നണി (സംസ്ഥാന കണ്‍വീനര്‍), ദലിത് ഐക്യ സമിതി (സംസ്ഥാന കണ്‍വീനര്‍), കേരള ദലിത് മഹാസഭ (സംസ്ഥാന സെക്രട്ടറി) എന്നീ സംഘടനകളുടെ മുന്‍നിര പ്രവര്‍ത്തകനായിരുന്നു. നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ കാലത്ത് രക്ത പതാക മാസിക, ദലിത് സംഘടന പ്രവര്‍ത്തന കാലത്ത് അധസ്ഥിത നവോത്ഥാന മുന്നണി ബുള്ളറ്റിന്‍, ദലിത് ഐക്യ ശബ്ദം ബുള്ളറ്റിന്‍, ദലിത് മാസിക എന്നിവയുടെയും എഡിറ്റര്‍ ആയിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ‘നെഗ്രിറ്റിയൂഡ്’ എന്ന പംക്തി കൈകാര്യം ചെയ്തു.