11 പേരുടെ എതിർപ്പോടെ വഖഫ് ബില്ലിന് ജെപിസി അംഗീകാരം; റിപ്പോർട്ട് സ്‌പീക്കർക്ക് കൈമാറും

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ റിപ്പോര്‍ട്ട് തയാറായി. വ്യാഴാഴ്‌ച റിപ്പോര്‍ട്ട് സ്‌പീക്കര്‍ ഓം ബിര്‍ളയ്ക്ക് സമര്‍പ്പിക്കും. പ്രതിപക്ഷാംഗങ്ങള്‍ അടക്കം ഉയര്‍ത്തിയ ആശങ്കകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭേദഗതികള്‍ വരുത്തുകയും ഇതിന് അംഗീകാരം നല്‍കുകയും ചെയ്‌തതായി സമിതിയംഗം ജഗദംബിക പാല്‍ അറിയിച്ചു. പതിനൊന്നിനെതിരെ പതിനഞ്ച് വോട്ടുകള്‍ക്കാണ് ബില്ലിലെ ഭേദഗതികള്‍ പാസാക്കിയത്.
നേരത്തെ സ്വീകരിച്ച ബില്ലിനെതിരെ പ്രതിപക്ഷാംഗങ്ങള്‍ ശക്തമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും മതകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ സാധ്യമാകുന്നതോടെ അത് വഖഫ് ബോര്‍ഡിനെ തകര്‍ക്കുമെന്നുമുള്ള ആരോപണവും ഇവര്‍ ഉയര്‍ത്തി.
പ്രതിപക്ഷാംഗങ്ങള്‍ അടക്കം ഉയര്‍ത്തിയ പല ആശങ്കകളുടെയും അടിസ്ഥാനത്തില്‍ വരുത്തിയ ഭേദഗതികള്‍ക്ക് സമിതി അംഗീകാരം നല്‍കിയിരിക്കുന്നുവെന്ന് ജഗദംബിക പാല്‍ അവകാശപ്പെട്ടു. പുതുക്കിയ ബില്‍ വഖഫ് ബോര്‍ഡിന്‍റെ ഉത്തരവാദിത്തങ്ങള്‍ സുതാര്യമായും കാര്യക്ഷമമായും നടപ്പാക്കാന്‍ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.