ശബരിമല സ്വര്‍ണപ്പാളി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി,മേൽനോട്ടം വിരമിച്ച ജഡ്ജിക്ക്

കൊച്ചി:
ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. മുന്‍ ജില്ലാ ജഡ്ജി അന്വേഷണം നടത്തും. സ്പോൺസറുടേയും ഉദ്യോഗസ്ഥരുടേയും പങ്ക് അടക്കം അന്വേഷിക്കാനാണ് തീരുമാനം. ദ്വാരപാലക ശിൽപ്പത്തിൽ സ്വര്‍ണം പൂശിയ കണക്കില്‍ വ്യക്തതയില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഗുരുതര വീഴ്ചയും പരിശോധനയും
രജിസ്റ്റർ സൂക്ഷിക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിരമിച്ച ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിൽ ഈ വിഷയത്തിൽ പരിശോധനയ്ക്ക് ഉത്തരവിട്ടിട്ടുണ്ട്. രജിസ്റ്ററുകൾ ഉദ്യോഗസ്ഥർ കൃത്യമായി സൂക്ഷിക്കാത്തത് ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണോയെന്നും പരിശോധിക്കണം.
സ്ട്രോങ് റൂമിലെ എല്ലാ വിലപിടിപ്പുള്ള വസ്തുക്കളുടെയും കണക്കെടുക്കണം. തിരുവാഭരണം രജിസ്റ്റർ ഉൾപ്പെടെയുള്ള രേഖകൾ വിശദമായി പരിശോധിക്കണം. 1999 മുതൽ രേഖകളിൽ അവ്യക്തതയുണ്ട് എന്നും കോടതി നിരീക്ഷിച്ചു. അന്വേഷണം ഉണ്ണികൃഷ്ണൻ പോറ്റിയെ മാത്രം കേന്ദ്രീകരിച്ചാകരുത്. എല്ലാ വശങ്ങളും പരിശോധിക്കണമെന്നും കോടതി നിർദേശം നൽകി.
വിരമിച്ച ജില്ലാ ജഡ്ജിയാണ് സ്ട്രോങ് റൂം കണക്കെടുപ്പ് നടത്തേണ്ടത്. അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ദ്വാരപാലക സ്വർണപ്പാളികൾ പുനഃസ്ഥാപിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ശബരിമല എക്സിക്യൂട്ടീവ് ഓഫിസറുടെ മേൽനോട്ടത്തിൽ ഇത് നടപ്പാക്കാം. മുഴുവൻ സ്വർണാഭരണങ്ങളുടെയും കണക്കെടുക്കുകയും സ്വർണത്തിൻ്റെ മൂല്യവും അളവും പരിശോധിക്കുകയും വേണം.