മലയാളി ബഹിരാകാശ ശാസ്ത്രജ്ഞ വി.ആർ ലളിതാംബികയ്ക്ക് ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതി
ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതിക്ക് അർഹയായി മലയാളി ബഹിരാകാശ ശാസ്ത്രജ്ഞ വി.ആർ ലളിതാംബിക. ഫ്രഞ്ച് ഗവൺമെന്റിനെ പ്രതിനിധീകരിച്ച്, ഇന്ത്യയിലെ ഫ്രാൻസ് അംബാസഡർ തിയറി മാത്തൂ ഷെവലിയർ ബഹുമതി നൽകി ആദരിച്ചു. ഐഎസ്ആർഒയിലെ മുതിർന്ന ശാസ്ത്രജ്ഞയായ വി ആർ ലളിതാംബിക ഐഎസ്ആർഒയുടെ ഹ്യൂമൻ സ്‌പേസ്ഫ്‌ളൈറ്റ് പ്രോഗ്രാം ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബഹിരാകാശ സഹകരണമാണ് ലളിതാംബികയെ നേട്ടത്തിന് അർഹയാക്കിയത്.
ജെആർഡി ടാറ്റ, സത്യജിത് റേ, ഭാരതരത്‌ന സിഎൻആർ റാവു, പണ്ഡിറ്റ് രവിശങ്കർ, സുബിൻ മേത്ത, ഇ ശ്രീധരൻ, അമിതാഭ് ബച്ചൻ, ശിവാജി ഗണേശൻ, ലതാ മങ്കേഷ്‌കർ, ഷാരൂഖ് ഖാൻ, ശശി തരൂർ തുടങ്ങിയവർക്കും മുൻപ് ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതി ലഭിച്ചിട്ടുണ്ട്.
ബഹിരാകാശ ശാസ്ത്രജ്ഞയായ ലളിതാംബികയുടെ വൈദഗ്ദ്ധ്യം, നേട്ടങ്ങൾ, അശ്രാന്ത പരിശ്രമം എന്നിവ ഇൻഡോ-ഫ്രഞ്ച് ബഹിരാകാശ പങ്കാളിത്തത്തിന്റെ ചരിത്രത്തിൽ മഹത്തായ അധ്യായം രചിച്ചെന്ന് പുരസ്കാരം സമ്മാനിച്ചുകൊണ്ട് ഫ്രാൻസ് അംബാസഡർ തിയറി മാത്തൂ പറഞ്ഞു.


