തമ്മിലടി നിർത്താൻ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി

ന്യൂഡൽഹി:
രാജ്യാന്തര വേദിയിൽ നാണം കെട്ട് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷയും 12 അംഗ ഭരണസമിതി അംഗങ്ങളും തമ്മിലുള്ള പോര് അവസാനിപ്പിക്കാൻ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി ആവശ്യപ്പെട്ടു. സിഇഒ രഘുറാം അയ്യരുടെ നിയമനം ആയുധമാക്കിയുള്ള ഏറ്റുമുട്ടൽ എല്ലാ സീമകളും ലംഘിച്ചതോടെയാണ് ഐഒസിയുടെ ഇടപെടൽ. ഉഷ ഏകാധിപതിയും ജനാധിപത്യ മൂല്യങ്ങൾക്ക് വില കൽപ്പിക്കാത്തയാ ളാണെന്നും വിശദീകരിച്ച് ഭരണസമിതി അംഗങ്ങൾ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ ഇൻസ്റ്റിറ്റ്യൂഷണൽ റിലേഷൻസ് ആൻഡ് ഗവേണൻസ് തലവൻ ജെറോം പോയ്‌വിക്ക് കത്തയച്ചു. പുതിയ സി സിഇഒ നിയമനം ഒരു മാസത്തിനുള്ളിൽ നടത്തുമെന്നും അംഗങ്ങൾ കത്തിൽ പറഞ്ഞു. വ്യാഴാഴ്ച ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയതിന് പിന്നാലെയാണ് ആഭ്യന്തരയുദ്ധം പുറത്തായതു്. 2036 ലെ ഒളിമ്പിക് സംഘാടനത്തിന് ശ്രമിക്കുന്നതിനിടെയുള്ള ചേരിപ്പോര് ഇന്ത്യക്ക് തിരിച്ചടിയാകും.