നൊബേൽ ജേതാവ് കാനെമാൻ വിടവാങ്ങി

ടെൽ അവീവ്:
സൈക്കോളജിസ്റ്റും സാമ്പത്തികശാസ്ത്ര നൊബേൽ ജേതാവുമായ ഡാനിയൽ കാനെമാൻ(90)അന്തരിച്ചു. സൈക്കോളജി ഗവേഷണത്തെ സാമ്പത്തിക ശാസ്ത്രത്തിൽ സന്നിവേശിപ്പിച്ചതിനാണ് 2002ൽ നൊബേൽ നേടിയത്. ബിഹേവിയറൽ ഇക്കണോമിക്സ് എന്ന സാമൂഹ്യശാസ്ത്ര ശാഖയുടെ തുടക്കക്കാരിൽ ഒരാളാണ്. ചിന്താവൈകല്യങ്ങളേയും പ്രശ്ന പരിഹാരത്തിന് തലച്ചോറ് സ്വീകരിക്കുന്ന എളുപ്പ വഴികളെയും സംബന്ധിച്ച ധാരാളം പരീക്ഷണങ്ങളും കണ്ടെത്തലുകളും നടത്തിയിട്ടുണ്ട്. 2011ൽ പ്രസിദ്ധീകരിച്ച തിങ്കിങ്, ഫാസ്റ്റ്, സ്ലോ എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1934 മാർച്ചിൽ ടെൽ അവീവിലാണ് ജനനം.2013 ൽ അമേരിക്കയുടെ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം പുരസ്കാരവും നേടി.