സൊമാലിയൻ കടൽക്കൊള്ളക്കാർ ബന്ദികളാക്കിയ 19 പാകിസ്ഥാൻകാരെ ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തി

ന്യൂഡൽഹി:
സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത മറ്റൊരു ഇറാനിയൻ മത്സ്യബന്ധന കപ്പലിനെ കൂടി ഇന്ത്യൻ നാവിക സേന മോചിപ്പിച്ചു. കപ്പലിലുണ്ടായിരുന്ന പാകിസ്ഥാൻകാരായ 19 ജീവനക്കാരെയും രക്ഷപ്പെടുത്തി. ഇന്ത്യൻ യുദ്ധക്കപ്പലായ ഐഎൻഎസ് സുമിത്രയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. കടൽക്കൊള്ളക്കാരെ നാവികസേന കസ്റ്റഡിയിലെടുത്തു.
ഇറാനിയൻ പതാകയുള്ള മത്സ്യബന്ധന കപ്പലായ എഫ്‌വി അൽ നയീമിയാണ് സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്തത്. സായുധരായ 11 കടൽക്കൊള്ളക്കാരാണ് യാത്രാമധ്യേ കപ്പൽ തട്ടിയെടുത്തത്. കപ്പലിലുണ്ടായിരുന്ന പാകിസ്ഥാൻകാരായ 19 ജീവനക്കാരെയും ബന്ദികളാക്കുകയും ചെയ്തു. തട്ടിയെടുത്ത കപ്പൽ തടഞ്ഞ ഇന്ത്യൻ നാവികസേന, കടൽക്കൊള്ളക്കാരെ തുരത്തി ബന്ദികളെ മോചിപ്പിച്ചു. തുടർന്ന് ബന്ദികൾ ആരോഗ്യവാൻമാരാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.

