ആടുക ജീവിതമേ ആടുക!

നോവൽ സിനിമയാകുകഎന്നത് മലയാളം സിനിമയിൽ അപൂർവ്വമായ ഒന്നാണ് . ചെമ്മീൻ ഉണ്ടാക്കിയ ഓളം മലയാളിയുടെ മനസ്സിൽ ഇന്നും നിലനിൽക്കേ ബന്യാമിൻ്റെ ആടുജീവിതം സിനിമയായെന്ന് അറിഞ്ഞതു മുതൽ അത് കാണാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. സിനിമയെക്കുറിച്ചുള്ള പ്രതീക്ഷ അസ്ഥാനത്തായില്ല. സിനിമ കണ്ടിറങ്ങുമ്പോൾ ഓർമ്മയിൽ സൂക്ഷിക്കാൻ ഒട്ടേറെ കാര്യങ്ങൾ അവശേഷിപ്പിക്കുന്ന ഒരു സിനിമയാണിത്. കാരണം പ്രവാസ ജീവിതം മലയാളികളുടെ ജീവിതത്തിലെ മാറ്റി നിർത്താനാകാത്ത ഒന്നായതിനാലാകാം ഇനി സിനിമയിലേയ്ക്ക് കൂടുതൽ കടക്കുകയാണെങ്കിൽ പൊതുവേ എല്ലാ വിഭാഗങ്ങളിലും മികവ് പുലർത്തിയ സിനിമയാണിത്.

ഈ സിനിമയ്ക്ക് വേണ്ടി ബ്ലസ്സിയുടെ വർഷങ്ങൾ നീണ്ട പരിശ്രമങ്ങൾ കാണാതെ പോകാനാവില്ല. സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തിൻ്റെ വളർച്ച സാങ്കേതികമായും അടയാളപ്പെടുത്തുന്ന സിനിമയാണിത് എന്നാൽ കാലങ്ങൾ എടുത്ത് പൂർത്തിയാക്കിയതിനാൽ കാഴ്ചയിലും തന്മാത്രയിലും ഭ്രമരത്തിലും ഒക്കെ കണ്ട ബ്ലസി എന്ന സംവിധായകൻ്റെ ഗ്രാഫ് ആടുജീവിതത്തിൽ ഉയർന്നതാണെങ്കിലും കേരളത്തിൽ ഷൂട്ട് ചെയ്ത സീനുകളിൽ പഴയ ബ്ലസ്സിയെ കാണാനാകും. എന്നാൽ വിദേശ സീനുകളിൽ എത്തുമ്പോൾ ഒരു അന്താരാഷ്ട്ര നിലവാരം വന്ന് ചേരുന്നു.

കെ എസ്സ് സുനിലിൻ്റെ ഛായാഗ്രഹണം മികച്ചതാണ് . അതിൽ എടുത്ത് പറയേണ്ടത് ഡ്രോൺ ഉപയോഗിച്ച ഷോട്ടുകൾ. എന്നാൽ കെ യു മോഹനൻ എന്ന ഛായാഗ്രഹകന് ടൈറ്റിലിൽ പരാമർശിക്കുന്നുണ്ട് അദ്ദേഹത്തിൻ്റെ സാന്നിദ്ധ്യം വിളിച്ചോതുന്ന ചില കാഴ്ചകളും സിനിമയിൽ ഉണ്ട്.

സിനിമയിൽ കേരളത്തെ കാണിക്കുമ്പോഴുള്ള സൗന്ദര്യത്തെക്കാൾ മനോഹരമായാണ് കേന്ദ്ര കഥാപാത്രം യാതനകളിൽ കൂടെ കടന്ന് പോകുന്ന സൗദി അറേബ്യ കാണിക്കുമ്പോൾ അനുഭവപ്പെടുന്നത് ഒരു വൈരുദ്ധ്യമായി തോന്നി. എന്നാൽ അത് വാണിജ്യ സിനിമയുടെ ആവശ്യമായിരിക്കാം. പ്രതിഭാധനനായ എ ആർ റഹ്മാൻ്റെ സംഗീതം നമുക്കെല്ലാം അറിയാവുന്നതാണ് .എങ്കിലും ഈ സിനിമയിൽ അദ്ദേഹത്തിന് മികവ് പുലർത്താൻ കഴിഞ്ഞോ എന്നത് സംശയമാണ്. ചില സീനുകളിൽ അരോചകമായും തോന്നി. ഉദാഹരണത്തിന് പോലീസ് സ്റ്റേഷൻ സീനിൽ സിനിമയിലെ ഒരു കഥാപാത്രമായ ആഫ്രിക്കൻ വംശജൻ്റെ ഫോട്ടോ കാണിക്കുമ്പോൾ ഉള്ള BGM .
കലാ സംവിധാനം ആണ് ഇന്ന് മലയാള സിനിമയിൽ വളരെ ചർച്ച ചെയ്യുന്ന വിഭാഗം എന്ന് പറയാം മഞ്ഞുമ്മൽ ബോയിസും ഭ്രമയുഗവും നമ്മുടെ മുന്നിലുണ്ട് ഈ സിനിമയിലും അങ്ങനെ തന്നെയാണ് . സിനിമ സെറ്റ് ആണോ ഒറിജിനൽലൊക്കേഷൻ ആണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ പ്രൊഡക്ഷൻ ഡിസൈനർ സുനിൽ ബാബു അത്ഭുതമായി നിലകൊള്ളുന്നു.

സിനിമയുടെ ഏറ്റവും മികവാർന്ന അഭിനയം കാഴ്ച വെയ്ക്കുകയും സിനിമയുടെ തന്നെ നെടുംതൂണായി മാറിയ പൃഥ്വിരാജ് മികച്ച നടൻമാരുടെ ഇടയിൽ സ്ഥാനം നേടിയിരിക്കുകയാണ്. സിനിമയിലുടനീളം അദ്ദേഹം കാത്തുസൂക്ഷിച്ച കയ്യടക്കം അത്ഭുതം തന്നെയാണ്. അതൊടൊപ്പം പല ഘട്ടങ്ങളിലും പ്രകടിപ്പിക്കുന്ന സൂഷ്മമായ മാനറിസങ്ങൾ അഭിനയവിദ്യാർത്ഥികൾക്ക് ഒരു പാഠപുസ്തമായി മാറുന്നതാണ്. ചില സന്ദർഭങ്ങളിൽ കഥാപാത്രത്തിന് ഭാഷ തന്നെ വീണ്ടെടുക്കാൻ ബുദ്ധിമുട്ടുന്ന സമയത്തെ ഡയലോഗ് മോഡുലേഷനും ചലനങ്ങളും സമാനതകളില്ലാത്തതാണ്. നജീബിൻ്റെ മേലുള്ള ജീവിതയാട്ടത്തിൻ്റെ ആടുജീവിതം ബ്ലസിയിലൂടെ മലയാള സിനിമക്ക് ഒരു പുത്തനുണർവാണ്.
മനോജ്
സിനിമാട്ടോഗ്രാഫർ