കൺവീനർ സ്ഥാനത്ത് ഇപി ജയരാജൻ തുടരും :എംവി ഗോവിന്ദൻ

ഇപി വിവാദത്തിൽ ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് എൽഡിഎഫ് കൺവീനർ കൂടിയായ ജയരാജന് നിർദ്ദേശം നൽകിയെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
“ദല്ലാള്‍ നന്ദകുമാറിനെ പോലുള്ളവരുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിക്കുക തന്നെ വേണം. അത് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നന്ദകുമാറുമായുള്ള ബന്ധം മുമ്പേ അവസാനിപ്പിച്ചു എന്ന് ജയരാജന്‍ വ്യക്തമാക്കി. വോട്ടെടുപ്പ് ദിവസത്തെ ജയരാജൻ്റെ തുറന്നു പറച്ചില്‍ പാര്‍ട്ടിയെ ബാധിക്കേണ്ട കാര്യമില്ല”. എംവി ഗോവിന്ദൻ പറഞ്ഞു.
“ഇപി വിഷയത്തില്‍ നടപടിയെടുക്കേണ്ട ആവശ്യമില്ല. സംഭവത്തില്‍ മാധ്യമങ്ങളുടെ പൈങ്കിളി പ്രചാരണമാണ് നടക്കുന്നത്. അത് കള്ള പ്രചാരണവുമാണ്. ഇതെല്ലാം പാര്‍ട്ടിക്ക് ബോധ്യമായി. അതിശക്തമായ കമ്മ്യൂണിസ്റ്റ് വിരോധമാണ് മാധ്യമങ്ങളുടെ പ്രചാരണത്തിലൂടെ വ്യക്തമാക്കുന്നത്. പാര്‍ട്ടി സെക്ക്രട്ടറിയെ നിയോഗിക്കുന്നത് ജൂനിയര്‍, സീനിയര്‍ നോക്കിയല്ല.” വിഷയത്തില്‍ ജയരാജൻ്റെ നിയമ നടപടിക്ക് പൂര്‍ണ പിന്തുണ പാര്‍ട്ടി നല്‍കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.