വൈക്കം സത്യാഗ്രഹത്തിന് നൂറാണ്ട്

ഇന്ത്യയൊട്ടാകെ അയിത്തോച്ചാടന സമരങ്ങൾക്ക് മാർഗ ദീപം കൊളുത്തിയ വൈക്കം സത്യാഗ്രഹം നടന്നിട്ട് ഇന്ന് നൂറു വർഷം തികയുന്നു.വൈക്കം മഹാദേവക്ഷേത്രത്തിന് സമീപത്തെ പൊതുവഴിയിലൂടെ എല്ലാമനുഷ്യർക്കും സഞ്ചരിക്കാനുള്ള അവകാശത്തിനു വേണ്ടിനടന്ന സത്യാഗ്രഹം 603 ദിവസമാണ് നീണ്ടു പോയത്. 1924 മാർച്ച് 30ന് ആദ്യ സത്യാഗ്രഹികളായ കുഞ്ഞാപ്പിയും, ബാഹുലേയനും, ഗോവിന്ദപ്പണിക്കരും തീണ്ടൽപലക കടക്കാനെത്തി അറസ്റ്റ് വരിച്ചത് ത്യാഗോജ്വലമായ സമരത്തിന്റെ തുടക്കമായിരുന്നു. സവർണ മേധാവികളുടെ നിരന്തര ആക്രമണങ്ങൾ മുതൽ 99ലെ മഹാപ്രളയത്തെ വരെ അതിജീവിച്ച ഐതിഹാസിക പോരാട്ടം 1925 നവംബർ 23നാണ് അവസാനിച്ചത്.

അയിത്തോച്ചാടനപ്രക്ഷോഭങ്ങൾക്കും തുല്യാവകാശമുള്ള പൗരൻമാരുടെ ആധുനിക ഇന്ത്യയ്ക്കും വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് ഇന്ധനം പകർന്ന സമരമായിരുന്നു വൈക്കം സത്യാഗ്രഹം. പട്ടിക്കും പൂച്ചയ്ക്കും വരെനടക്കാൻ സ്വാതന്ത്ര്യമുള്ള വഴിയിൽ മനുഷ്യർപ്രവേശിക്കുന്നത് തടയുന്ന സവർണരുടെ ജാതിവെറിക്കെതിരെ നാടെങ്ങും രോഷമുയർന്നു. മഹാത്മാ ഗാന്ധിയും,ഇ വി രാമസ്വാമിയും,ടി കെ മാധവനും,കെ പി കേശവമേനോനും അടക്കം പ്രമുഖരാണ് സത്യാഗ്രഹം നയിച്ചത്. ഗാന്ധിജിയും ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും സത്യാഗ്രഹപ്രസ്ഥാനത്തെ പിന്തുണച്ചത് ബഹുജന പിന്തുണ വർധിച്ചു.1924 ഒക്ടോബർ 1ന് തിരൂവിതാംകൂറിലെ റീജന്റ് മഹാറാണി സേതു ലക്ഷ്മീബായിക്ക് 25000 പേർ ഒപ്പിട്ട നിവേദനം സമർപ്പിച്ചു.ഇ വി രാമസ്വാമി നായ്ക്കർ (പെരിയോർ) അറസ്റ്റിലായപ്പോൾ ഭാര്യ നാഗമ്മ സമരത്തിന്റെ മുൻ നിരയിലേക്കെത്തി. 1924 സെപ്റ്റംബർ 27 ന് ശ്രീനാരായണഗുരു സത്യാഗ്രഹാശ്രമം സന്ദർശിച്ച് സത്യാഗ്രഹികളെ ആശീർവദിച്ചു.

വൈക്കം ക്ഷേത്ര ഭരണച്ചുമതലയുള്ള ഇണ്ടംതുരുത്തി മനയിൽ ചർച്ചയ്ക്കത്തിയ ഗാന്ധിജിയെ അകത്ത് കയറ്റാതെ പുറത്തിരുത്തിയതും ചരിത്രത്തിന്റെ ഭാഗമായി. സമര സ്ഥലത്തും കാരാഗൃഹങ്ങളിലും സത്യാഗ്രഹികൾ പൊലീസിന്റേയും സവർണപ്രമാണിമാരുടെ ഗുണ്ടകളുടേയും കിരാത മർദ്ദനങ്ങൾക്കിരയായി.എന്നാൽ സമരക്കാർ പിന്മാറാതെ, ക്ഷേത്രത്തിന് സമീപത്തെ പൊതു വഴികൾ തുറന്നു കൊടുക്കുന്നതുവരെ സമരം തുടർന്നു. എന്നാൽ ജാതി ആയിത്തം ഇവിടം കൊണ്ട് അവസാനിക്കുന്നില്ലെന്നായിരുന്നു സത്യാഗ്രഹത്തിന് സമാപനം കുറിച്ച് നടത്തിയ പ്രസ്താവനയിൽ കെ കേളപ്പൻ പറഞ്ഞത്. ഇത് 1930 ലെ ഗുരുവായൂർ സത്യാഗ്രഹത്തിനും ക്ഷേത്രപ്രവേശന വിളംബരത്തിനും വഴിയൊരുക്കി.
