ഞാൻ കണ്ട സിനിമ-സർവ്വം മായ…
പ്രവീൺ
മായമില്ലാത്ത ഒന്നേയുള്ളൂ ഈ ലോകത്ത്-അത് ലാളിത്യമാണ്. വേഷഭൂഷാദികളിൽ പെരുമാറ്റത്തിൽ ഭക്ഷണത്തിൽ എന്തിന് ചിന്തകളിൽവരെ ലാളിത്യം കാത്തുസൂക്ഷിക്കുന്ന ഒരുപാട് വ്യക്തികളുണ്ട്. അത്തരം വ്യക്തികളോട് ഒത്തുചേരുന്ന ഓരോ നിമിഷവും ഓരോ സന്ദർഭവും മനസ്സിന് വല്ലാത്തൊരു ആനന്ദം ലഭിക്കുന്നു, ജീവിതത്തിന് പുതിയൊരു അർത്ഥതലം സൃഷ്ടിക്കപ്പെടുന്നു. അത്തരത്തിൽ ലാളിത്യമാർന്ന കഥാപാത്രങ്ങളാൽ സമ്പന്നമായ ഒരു സിനിമയാണ് സർവ്വം മായ. ഹൊറർ കോമഡിയുടെ മേമ്പൊടിയോടുകൂടി വികസിക്കുന്ന ഒരു കഥ തന്തു, അതിലേക്ക് എത്താനായി സാധാരണ നാം കണ്ടു ശീലിച്ചിട്ടുള്ള ഒരുപാട് കഥാപാത്രങ്ങൾ…ആ കഥാഗതിയെ നിയന്ത്രിക്കുന്ന അച്ചടക്കമുള്ള രചനാ ശൈലി-എല്ലാം കോർത്തിണക്കി മനോഹരമായ ഒരു സിനിമ സൃഷ്ടിച്ചെടുത്തിരിക്കുന്ന സംവിധായകൻറെ മികവ് തികച്ചും അഭിനന്ദാർഹമാണ്…
തീർച്ചയായും ആ കഥാപാത്രങ്ങളോട് നീതിപുലർത്താൻ തക്കതായ മികച്ച അഭിനേതാക്കൾ-
ചെറിയ രീതിയിൽ സ്ക്രീൻസ്പേസ് ഷെയർ ചെയ്യുന്ന കഥാപാത്രങ്ങൾക്കുപോലും വളരെ പ്രാധാന്യമുണ്ട് എന്നത് സ്ക്രിപ്റ്റിന്റെ എടുത്തു പറയേണ്ട അടക്കം തന്നെയാണ്.
ദ്വയാർത്ഥ പ്രയോഗങ്ങളുടെ കോമഡിയും കോടികളുടെ ആനിമേഷൻ വിസ്മയ കാഴ്ചകളും സാധാരണയായ ഈ കാലത്ത്, ആർക്കും അരോചകമാകാത്ത രീതിയിൽ ആക്ഷേപഹാസ്യം എന്ന ഗണത്തിൽ പോലും ഉൾക്കൊള്ളിക്കാതെ ചില സാമൂഹിക കാഴ്ചപ്പാടുകളെ പ്രതിപാദിച്ചിരിക്കുന്നത് അഭിനന്ദനം അർഹിക്കുന്നു, എന്ന് പറയാതെ വയ്യ.
ഇപ്പോൾ എല്ലാ വീടുകളിലും ഒരു പെറ്റ് കാണും. കോവിഡിന് ശേഷം പ്രത്യേകിച്ചും. നമ്മുടെ വീട്ടിലെ ഒരു അംഗത്തെപ്പോലെ പലപ്പോഴും വീട്ടിനകത്ത് നടന്നും കിടന്നുറങ്ങിയും നമ്മുടെ ജീവിതത്തിൻറെ ഭാഗമായി മാറുന്നവർ… അത്തരത്തിലുള്ള രംഗങ്ങൾ കോർത്തിണക്കി ആ നായ്ക്കുട്ടിക്ക് കഥയിലുള്ള പ്രാധാന്യവും വീട്ടുകാർക്ക് തിരിച്ച് അങ്ങോട്ടുള്ള വാത്സല്യവും അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. അതോടൊപ്പം പാശ്ചാത്തല സംഗീതത്തിന്റെ മികവുകൊണ്ടും പാട്ടിൻറെ ദൃശ്യഭംഗി കൊണ്ടും ആഘോഷമാക്കുന്ന നിരവധി മുഹൂർത്തങ്ങൾ…
എടുത്തു പറയത്തക്കതായ നെഗറ്റീവ് പോയിൻറ് ഒന്നും ഇല്ല എന്നതാണ് ഈ ഫീൽ ഗുഡ് മൂവിയുടെ ഏറ്റവും വലിയ പോസിറ്റീവ് വശം. ധൈര്യമായിട്ട് കുടുംബസമേതം ടിക്കറ്റ് എടുക്കാം-മനോഹരമായ ഒരു കടൽതീരത്ത് അൽപ്പനേരം ഇരുന്ന് ഒരു ഇളം കാറ്റിൻറെ തലോടലേറ്റ സുഖവുമായി തിരിച്ചുവരാം…

