കാട്ടാക്കടയിൽ ബന്ധുവിന്റെ കാർ ഇടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു
തിരുവനന്തപുരം: കാട്ടാക്കടയിൽ ബന്ധുവിന്റെ കാർ ഇടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. കാട്ടാക്കട പൂവച്ചൽ അരുണോദയത്തിൽ അരുൺകുമാർ ദീപ ദമ്പതികളുടെ മകൻ ആദി ശേഖർ ആണ് മരിച്ചത്. കാട്ടാക്കട ചിന്മയ മിഷൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആദി ശേഖർ.
പുളിങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ മുൻവശത്ത് വച്ചാണ് ബുധനാഴ്ച വൈകുന്നേരം 5 മണിയോടെ അപകടം. സൈക്കിൾ ചവിട്ടുകയായിരുന്ന ആദി ശേഖറിനെ പടിയന്നൂര്‍ ക്ഷേത്രത്തിന്റെ ഭാഗത്ത് നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. കുട്ടിയുടെ ബന്ധുവിന്റെ കാർ ആണ് ഇടിച്ചത്.
റോഡിലേക്ക് തെറിച്ചുവീണ ആദി ശേഖർ തത്ക്ഷണം മരിച്ചു. കാട്ടാക്കട പോലിസ് സ്ഥലത്ത് എത്തി മേൽ നടപ്പടി സ്വീകരിച്ചു. ഇടിച്ച വാഹനം സ്ഥലത്ത് നിന്ന് മാറ്റി എങ്കിലും ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്ന് പോലിസ് പറഞ്ഞു.
പൂവച്ചൽ സർക്കാർ സ്കൂൾ അധ്യാപകനാണ് ആദി ശേഖറിന്റെ പിതാവ് അരുൺ കുമാർ. സെക്രട്ടറിയേറ്റ് അസിസ്റ്റന്റാണ് അമ്മ ദീപ. സഹോദരി അഭി ലക്ഷ്മി.