ചരിത്രമാകുന്ന ആട് ജീവിതം

ബെന്യാമിൻ എഴുതിയ മലയാളം നോവലാണ് ആടുജീവിതം. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് ഈ കൃതി . 2008 ആഗസ്റ്റ് മാസം ആദ്യപതിപ്പിറങ്ങിയ ആടുജീവിതം, 2009-ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നൊവലിനുള്ള അവാർഡിനു തിരഞ്ഞെടുക്കപ്പെട്ടു.

ആടുജീവിതത്തിന്റെ അറബ് പതിപ്പ് യുഎഇയിലും സൗദി അറേബ്യയിലും 2014 ൽ നിരോധിച്ചു. ‘അയാമുൽ മാഇസ്’ എന്ന പേരിൽ നോവൽ അറബിയിലേക്ക് വിവർത്തനം ചെയ്തത് മലയാളിയായ അരീക്കോട് സ്വദേശി സുഹൈൽ വാഫിയായിരുന്നു.

2008-ൽ ആടുജീവിതം നോവൽ വായിച്ചപ്പോൾ മുതൽ പൃഥ്വിരാജിനെ നായകനാക്കി മാറ്റാൻ ബ്ലെസി ആഗ്രഹിച്ചിരുന്നു . അടുത്ത വർഷം ബെന്യാമിനിൽ നിന്ന് അവകാശം വാങ്ങി തിരക്കഥയെഴുതാൻ തുടങ്ങി. എന്നിരുന്നാലും, ബജറ്റ് പരിമിതികൾ കാരണം മുന്നോട്ട് പോകാൻ കഴിഞ്ഞില്ല . ബ്ലെസി വർഷങ്ങളോളം ഒരു നിർമ്മാതാവിനെ തിരഞ്ഞു. 2016 ൽ തിരക്കഥ പൂർത്തിയായി .2018 ൽ ഷൂട്ടിംഗ് ആരംഭിച്ചു .

2018 മാർച്ചിനും 2022 ജൂലൈയ്ക്കും ഇടയിൽ ആറ് ഷെഡ്യൂളുകളിലൂടെ ജോർദാൻ , വാദി റം , സഹാറയിലെ അൾജീരിയൻ മരുഭൂമി എന്നിവിടങ്ങളിൽ ചില രംഗങ്ങൾ ഷൂട്ട് ചെയ്തു . ചില രംഗങ്ങൾ കേരളത്തിലും ചിത്രീകരിച്ചു . COVID-19 പാൻഡെമിക്കിൻ്റെ നിയന്ത്രണങ്ങൾ കാരണം 2020 മാർച്ച് മുതൽ മെയ് വരെ 70 ദിവസത്തോളം ജോലിക്കാർ ജോർദാനിൽ കുടുങ്ങി . ഇന്ത്യൻ ഗവൺമെൻ്റിൻ്റെ ഒഴിപ്പിക്കൽ പരിപാടിയായ വന്ദേ ഭാരത് മിഷൻ വഴിയാണ് അവരെ ഒടുവിൽ ഇന്ത്യയിലേക്ക് തിരിച്ചയച്ചത് . 2022 ജൂലൈ 14 ന് ചിത്രീകരണം അവസാനിച്ചു.

2008-ലാണ് ആട് ജീവിതവുമായി ബന്ധപ്പെട്ട ചർച്ചകളും പ്രരംഭ നടപടികളും ആരംഭിക്കുന്നത്. 2018-ൽ ചിത്രീകരണം ആരംഭിച്ച ആട് ജീവിതം കോവിഡ്ക്കാലത്ത് ഇടക്ക് നിർത്തി വെക്കേണ്ടി വന്നിരുന്നു. വളരെ അധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ 14-നാണ് പൂർത്തിയായത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രം കൂടിയാണ് ആട് ജീവിതം.

ഓസ്‌കാർ ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തിയത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലെത്തുന്ന ചിത്രത്തിൽ ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം വിതരണത്തിന് എത്തിക്കുന്നത് മാജിക് ഫ്രെയിംസ് ആണ് .

കെ യു മോഹനൻ , സുനിൽ കെ എസ് എന്നിവർ ഛായാഗ്രഹണം നിർവ്വഹിച്ചു. പ്രശാന്ത് മാധവ് കലാസംവിധാനവും രഞ്ജിത്ത് അമ്പാടി മേക്കപ്പും നിർവഹിച്ച ആട് ജീവിതത്തിൻറെ ചിത്രസംയോജനം: ശ്രീകർ പ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്‌സ്, പിആർഒ: ആതിര ദിൽജിത്ത് എന്നിവരാണ്. പുറത്തു വരുന്ന കണക്ക് പ്രകാരം ഏകദേശം 80 കോടിക്കാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 8 വർഷം തിരക്കഥയ്ക്കും 6 വർഷം ഷൂട്ടിങ്ങിനും വേണ്ടി വന്നതിനാൽ തന്നെ നിർമ്മാണ ചിലവും വർധിച്ചു .
