ബസിൽ കൈ പുറത്തേക്കിട്ട് യാത്ര ചെയ്തയാൾ പോസ്റ്റിൽ തട്ടി മരിച്ചു

തിരുവനന്തപുരത്ത് ബസിൽ കൈ പുറത്തേക്കിട്ട് യാത്ര ചെയ്ത മധ്യവയസ്‌കന്റെ കൈ പോസ്റ്റിൽ തട്ടി കൈയ്യറ്റ് രക്തം വാർന്ന് മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. ബസ്സിന് പുറത്തേക്കിട്ട കൈ സമീപത്തെ പോസ്റ്റിൽ ഇടിച്ച് രക്തം വാർന്നാണ് മരണം സംഭവിച്ചത്. വിഴിഞ്ഞം പുളിങ്കുടി സ്വദേശി ബെഞ്ചിലാസ്(55) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4. 30 ഓടെയാണ് സംഭവം.
ഓടുന്ന ബസിന്റെ പുറത്തേക്ക് കൈയിട്ടാണ് ബെഞ്ചിലാസ് യാത്ര ചെയ്തിരുന്നത്. ഇതിനിടെ എതിരെ വന്ന മറ്റൊരു ബസ്സിന് സൈഡ് കൊടുക്കുന്നതിനായി ബെഞ്ചിലാസ് സഞ്ചരിച്ച ബസ് റോഡിന് വശത്തേയ്‌ക്ക് ഒതുക്കി. ഈ സമയം അവിടെയുണ്ടായിരുന്ന പോസ്റ്റിൽ ഇടിച്ച് ബെഞ്ചിലാസിന്റെ കൈ പൂർണമായും അറ്റുപോകുകയായിരുന്നു. ഉടനെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു