വോട്ടർമാരെ കുഴപ്പിച്ച് മന്ത്രിമക്കൾ
രണ്ടു ജെഡിയു മന്ത്രിമാരുടെ മക്കൾ തമ്മിൽ ഏറ്റുമുട്ടുന്ന സമസ്തിപൂർ രാഷ്ട്രീയ കൗതുകമാകുന്നു : വോട്ടർമാരെ കുഴപ്പിച്ച് മന്ത്രിമക്കൾ.
ഭരത് കൈപ്പാറേടൻ
പാറ്റ്ന : ബീഹാറിലെ സമസ്തിപ്പൂരിൽ ആരു ജയിച്ചാലും അതൊരു ജെഡിയു മന്ത്രിയുടെ വീട്ടിൽ നിന്നാവും. പക്ഷെ കൗതുകമെന്താണെന്നു വെച്ചാൽ മത്സരാർത്ഥികളിൽ ഒരാൾ പോലും ജെഡിയു അല്ല എന്നതാണ്.
ഇന്ത്യാ സഖ്യത്തിന് വേണ്ടി മത്സരിക്കുന്നത് കോൺഗ്രസ്സ് സ്ഥാനാർത്ഥി 32 കാരനായ സണ്ണി ഹസാരിയാണ്. ജെഡിയു മന്ത്രി മഹേശ്വർ ഹസാരിയുടെ മകനാണ് സണ്ണി ഹസാരി.
എൻഡിഎ മത്സരിപ്പിക്കുന്നത് ലോക് ജനശക്തി പാർട്ടിയുടെ (രാംവിലാസ്) പ്രതിനിധി സാംഭവി ചൗധരിയെയാണ്. മറ്റൊരു ജെഡിയു മന്ത്രിയായ അശോക് കുമാർ ചൗധരിയുടെ മകളാണ് 25 കാരിയായ സാംഭവി ചൗധരി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ദളിത് വനിത എന്ന പ്രത്യേകതയും സാംഭവിക്കുണ്ട്.
ഒരുകാലത്ത് ഇതിഹാസ സോഷ്യലിസ്റ്റ് നേതാവും രണ്ട് തവണ ബിഹാർ മുഖ്യമന്ത്രിയുമായിരുന്ന കർപ്പൂരി താക്കൂർ വിജയിച്ച സീറ്റാണ് സമസ്തിപൂർ. സംവരണത്തിലെ ജാതി അടിസ്ഥാനത്തിലുള്ള ക്വാട്ട സമ്പ്രദായത്തിനു തുടക്കമിട്ടത് ഠാക്കൂറാണ്. (അതിൻ്റെ സ്വാഭാവിക പുരോഗതിയായ ജാതി സർവേ ബീഹാർ പൂർത്തിയാക്കിയത് മാസങ്ങൾക്കു മുമ്പുമാത്രമാണ് .)
എൽജെപിയുടെ സിറ്റിംഗ് സീറ്റായ സമസ്തിപൂരിൽ സാംഭവി ചൗധരി അനായാസം വിജയം നേടുമെന്നായിരുന്നു ആദ്യം പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇപ്പോൾ കടുത്ത മത്സരമാണ് ഇന്ത്യാ മുന്നണിക്കുവേണ്ടി സണ്ണി ഹസാരി അവിടെ കാഴ്ചവെക്കുന്നത്.
രണ്ടുപേരും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരും മികച്ച പ്രാസംഗികരുമാണ് . പട്‌ന എൻഐടി-യിൽ നിന്ന് ബി.ടെക് ബിരുദം നേടിയ സണ്ണി ഹസാരി അറിയപ്പെടുന്ന ബിസിനസുകാരനാണ് .
സാംഭവിയാകട്ടെ ഈ മണ്ഡലത്തിലുടനീളം പ്രത്യേകിച്ചു ഗ്രാമങ്ങളിലും സബർബൻ മേഖലകളിലും തൻ്റെ കുടുംബ ബന്ധംകൊണ്ടു ചിരപരിചിതയാണ്. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം, ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ബിരുദാനന്തര ബിരുദം എന്നിവ നേടിയിട്ടുള്ള സാംബവി ചൗധരി “ബീഹാർ രാഷ്ട്രീയത്തിലെ ലിംഗഭേദത്തിൻ്റെയും ജാതിയുടെയും വിഭജനം” എന്ന വിഷയത്തിൽ ഇപ്പോൾ ഡോക്ടറൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.
പാട്നയിൽ പെൺകുട്ടികൾക്കായുള്ള ഒരു സ്കൂളിൻ്റെ ഡയറക്ടറായും അവർ പ്രവർത്തിക്കുന്നു. മണ്ഡലത്തിൽ സാംബവി ചൗധരി ഇതിനോടകം ഒരു തരംഗമായി മാറിയിട്ടുണ്ട്.
“ദൈവം എനിക്ക് എല്ലാം തന്നിരിക്കുന്നു. ഞാൻ മത്സരിക്കുന്നത് എംപിയാകാനല്ല, സമസ്തിപുരിൻ്റെ മകളാകാനാണ്, എൻ്റെ പ്രധാന ശ്രദ്ധ വിദ്യാഭ്യാസത്തിലാണ്, അതിനു മാത്രമേ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയൂ”, എന്നുപറഞ്ഞാണ് സംഭാവിയുടെ വോട്ടുപിടുത്തം.
2009 മുതൽ എൻഡിഎ സ്ഥിരമായി വിജയിക്കുന്ന സമസ്തിപൂർ സീറ്റിൽ സാംബവിക്ക് ജയിച്ചുകയറാൻ വലിയ ബുദ്ധിമുട്ടുണ്ടാകുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ രണ്ട് തവണയും ഇവിടെ വിജയിച്ചത് ചിരാഗ് പാസ്വാൻ്റെ സ്ഥാനാർത്ഥിയായിരുന്നു.
18 ലക്ഷത്തിലധികം വോട്ടർമാരാണ് സമസ്തിപൂരിലുള്ളത്. ഇതിൽ 3.5 ലക്ഷം കുശ്വാഹകളും അത്രയോളം തന്നെ ഉയർന്ന ജാതിക്കാരും 2.75 ലക്ഷം യാദവരും 2.5 ലക്ഷം മുസ്ലീങ്ങളും അത്രത്തോളം തന്നെ ഇബിസികളും ഏകദേശം 2 ലക്ഷം വീതം ഒബിസി വൈശ്യരും (ബനിയാസ്), പട്ടികജാതി വിഭാഗത്തിൽപ്പെട്ട പാസ്വാൻമാരുമാണ് മണ്ഡലത്തിലുള്ളത്.
രാം വിലാസ് പാസ്വാൻ ഒരു വലിയ വികാരമാണ് മണ്ഡലത്തിൽ. അതിനാൽ പാസ്വാൻ സമുദായത്തിൻ്റെ വോട്ടിൽ ഭൂരിഭാഗവും സാംഭവിക്ക് ലഭിക്കുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
പക്ഷെ കോൺഗ്രസ് സ്ഥാനാർത്ഥി സണ്ണി ഹസാരി ഒരു പാസ്വാൻ സമുദായ നേതാവാണെന്നത് കാര്യങ്ങൾ പാടെ മാറ്റിമറിച്ചു. നിരീക്ഷകർ സണ്ണി ഹസാരിയെ നിസ്സാരക്കാരനായി കാണുന്നില്ല. മണ്ഡലത്തിന്റെ സ്വഭാവം നന്നായി പഠിച്ചും വളരെ കരുതലോടെയുമാണ് കോൺഗ്രസ്സ് തങ്ങളുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതെന്നു വ്യക്തം.
സണ്ണിയുടെ പിതാവ് മന്ത്രി മഹേശ്വർ ഹസാരി ജെഡിയുവിലാണെങ്കിലും വലിയ സ്വാധീനമുള്ള നേതാവാണ്. കൂടാതെ അദ്ദേഹത്തിൻ്റെ ബന്ധുവായ അമൻ ഹസാരി സമസ്തിപൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ജെഡിയു എംഎൽഎയാണ്.
സണ്ണിയുടെ ബന്ധുക്കൾ പ്രതിനിധീകരിക്കുന്ന ഈ രണ്ടു മണ്ഡലങ്ങൾ NDA -യെ കൈവിട്ടാൽ സംഭവിക്കുന്നത് സാംഭവിയുടെ പരാജയമായിരിക്കും.