എഡിജിപി അ‍ജിത് കുമാറിനെതിരെ ക്രമസമാധാന ചുമതലയിൽ നിന്നും നീക്കി

 എഡിജിപി അ‍ജിത് കുമാറിനെതിരെ ക്രമസമാധാന ചുമതലയിൽ നിന്നും നീക്കി

തിരുവനന്തപുരം: എഡിജിപി അ‍ജിത് കുമാറിനെതിരെ ഒടുവിൽ നടപടി. ക്രമസമാധാന ചുമതലയിൽ നിന്നും നീക്കി ഉത്തരവ് പുറത്തിറക്കി. ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിന് ക്രമസമാധാനച്ചുമതലയും നൽകി. എന്നാൽ, അജിത് കുമാർ ബറ്റാലിയൻ എഡിജിപിയായി തുടരും. എഡിജിപി യുടെ വാദങ്ങൾ തള്ളി ഡിജിപിയുടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നിട്ടും നടപടി സ്ഥാന മാറ്റത്തിൽ മാത്രമാണ് ഒതുങ്ങിയതെന്നതാണ് ശ്രദ്ധേയം.

നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കാനിരിക്കെയാണ് നിർ‌ണായക തീരുമാനം. മുഖ്യമന്ത്രി രാത്രി സെക്രട്ടേറിയറ്റിലെത്തി മടങ്ങിയതിന് പിന്നാലെയായിരുന്നു നിർണായക തീരുമാനവും പുറത്ത് വന്നത്. മനോജ് എബ്രഹാം ക്രമസമാധാന ചുമതലയിലേക്ക് മാറുമ്പോള്‍ പകരം ഇന്‍റലിന്‍ജ് എഡിജിപിയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് നാളെയാകും പുറത്ത് വരുന്നത്.

പോലീസ് തലപ്പത്തെ രണ്ടാമൻ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് എഡിജിപി ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.എഡിജിപിക്കെതിരെ നടപടി എടുക്കാത്തതിൽ എൽഡിഎഫിൽ തന്നെ വിമർശനം ഉയർന്നിരുന്നു. 2023 മെയ് 22 നാണ് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നത്. 2023 ജൂൺ 2 ന് റാം മാധവുമായും എഡിജിപി കൂടിക്കാഴ്ച നടത്തിയിരുന്നു. പത്ത് ദിവസത്തെ ഇടവേളയിലാണ് കൂടിക്കാഴ്ചകൾ നടന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News