നീലേശ്വരം വെടിക്കെട്ടിന് അനുമതി ഇല്ലായിരുന്നു

നീലേശ്വരം:
നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിൽ പടക്കങ്ങൾ സൂക്ഷിച്ചതും വെടിക്കെട്ട് നടത്തിയതും അനുമതിയില്ലാതെയാണെന്ന് കാസർകോട് കലക്ടർ കെ ഇമ്പശേഖർ പറഞ്ഞു. പടക്കം സൂക്ഷിക്കുന്ന സ്ഥലവും പൊട്ടിക്കുന്ന സ്ഥലവും തമ്മിൽ കുറഞ്ഞത് 100 മീറ്റർ അകലമെങ്കിലും വേണമെന്നാണ് നിയമം. ഇവിടെ അഞ്ചു മീറ്റർ മാത്രം അകലമെ ഉണ്ടായിരുന്നുള്ളു. സംഭവത്തിൽ പൊലീസ് അന്വേഷണത്തിനു പുറമെ കലക്ടറും അന്വേഷണം പ്രഖ്യാപിച്ചു. എഡിഎം പി അഖിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുമെന്ന് കലക്ടർ അറിയിച്ചു. ജില്ലാ പൊലീസ് മേധാവി ഡി ശിൽപ്പയും പ്രത്യേക അന്വേഷക സംഘത്തെ നിയോഗിച്ചു.