ഉത്തര്‍പ്രദേശിലെ മദ്രസാ വിദ്യാഭ്യാസ നിയമം ശരി വെച്ച് സുപ്രീംകോടതി

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജെ.ബി. പര്‍ഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന്റേതാണ് ഇന്ന് വന്ന നിര്‍ണായക വിധി.
ഉത്തര്‍പ്രദേശിലെ മദ്രസാ വിദ്യാഭ്യാസ നിയമം ശരി വെച്ച് സുപ്രീംകോടതി. മദ്രസാ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. മതേതരത്വത്തിന്റെ തത്വങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് മദ്രസ ബോര്‍ഡ് ആക്റ്റ് 2004, ഈ വര്‍ഷം മാര്‍ച്ചിലാണ് അലഹബാദ് ഹൈക്കോടതി റദ്ദാക്കുന്നത്. മദ്രസ വിദ്യാര്‍ത്ഥികളെ ഔപചാരിക സ്കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ഏപ്രിലില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിയമത്തിന്റെ സാധുത തീരുമാനിക്കുന്നത് വരെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു. നിയമത്തെ ഹൈക്കോടതി തെറ്റായി വ്യാഖ്യാനിച്ചെന്ന് പ്രഥമദൃഷ്ട്യാ നിരീക്ഷിച്ചായിരുന്നു അന്ന് സുപ്രീംകോടതിയുടെ നടപടി.