ശ്രീലങ്കയില്‍ ഹരിണി അമരസൂര്യ വീണ്ടും പ്രധാനമന്ത്രി

President Dissanayake, PM Harini Amarasuriya
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും തുടര്‍ന്നുള്ള കലാപങ്ങള്‍ക്കും പിന്നാലെ ലങ്കൻ ജനത ഇടതുപക്ഷത്തിന് അവസരം നല്‍കുകയായിരുന്നു. ജനത വിമുക്തി പെരമുന (ജെവിപി) നേതാവായ അനുര കുമാര ദിസനായകെ ശ്രീലങ്കയിലെ ആദ്യ മാര്‍ക്സിസ്റ്റ് പ്രസിഡന്റെന്ന ബഹുമതിയോടെ ചരിത്രത്തില്‍ ഇടം നേടിയിരുന്നു
കൊളംബോ:
ശ്രീലങ്കയില്‍ പുതിയ മന്ത്രിസഭ ഇന്ന് അധികാരത്തിലേറി. നാഷണല്‍ പീപ്പിള്‍സ് പവര്‍ (എൻപിപി) സഖ്യത്തിന്റെ മന്ത്രിസഭയ്ക്ക് കഴിഞ്ഞ ദിവസം പ്രസിഡന്റ് അനുര കുമാര ദിസനായകെ അംഗീകാരം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പരിചയസമ്പന്നരെയും പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തി ദ്വീപ് ഭരണകൂടം പുതിയ ക്യാബിനറ്റിനെ പ്രഖ്യാപിച്ചത്.
പുതിയ സര്‍ക്കാരിലും പ്രധാനമന്ത്രിയായി ഹരിണി അമരസൂര്യ വീണ്ടും അധികാരത്തിലെത്തി. പ്രസിഡന്റ് അനുര കുമാര ദിസനായകെ ഹരിണി അമരസൂര്യയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി സ്ഥാനത്തിന് പുറമെ വിദ്യാഭ്യാസ വകുപ്പും ഹരിണി ഏറ്റെടുക്കും. വനിതാ ശിശുക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന സരോജ സാവിത്രി പോൾരാജാണ് ക്യാബിനെറ്റിലെ മറ്റൊരു സ്ത്രീ പ്രാതിനിധ്യം.