യുക്രേനിയന്‍ തലസ്ഥാനത്ത് റഷ്യൻ വ്യോമാക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ്

കീവ്:
യുക്രേനിയന്‍ തലസ്ഥാനത്ത് റഷ്യൻ വ്യോമാക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് മുൻകരുതൽ എന്ന നിലയിൽ ബുധനാഴ്‌ച അടച്ചിടുമെന്ന് കീവിലെ യുഎസ് എംബസി അറിയിച്ചു. സുരക്ഷിതമായ സ്ഥലത്ത് അഭയം പ്രാപിക്കണമെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഇതു സംബന്ധിച്ച പ്രസ്‌താവനയില്‍ യുഎസ് എംബസി വ്യക്തമാക്കി. കൂടാതെ എയര്‍ അലേര്‍ട്ട് ഉണ്ടായാല്‍ യുഎസ് പൗരന്മാര്‍ എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും എംബസി നിര്‍ദേശമുണ്ട്.
റഷ്യൻ വ്യോമാക്രമണങ്ങൾ യുക്രെയ്‌നില്‍ ഒരു സാധാരണ സംഭവമാണെന്നിരിക്കെ യുഎസ് എംബസിയുടെ ഈ മുന്നറിയിപ്പ് അസാധാരണമാണെന്നാണ് വിലയിരുത്തല്‍. എന്നാൽ ബ്രയാൻസ്‌ക് മേഖലയിലെ ആയുധ സംഭരണശാലയിൽ യുക്രെയ്‌ന്‍ നടത്തിയ ആക്രമണത്തിൽ യുഎസ് നിർമ്മിത ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചതായി മോസ്കോ പറഞ്ഞതിന് പിന്നാലെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയം.
റഷ്യയ്‌ക്ക് എതിരെ തങ്ങളുടെ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാന്‍ നേരത്തെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ യുക്രെയ്‌ന് അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് നിര്‍മ്മിത ദീര്‍ഘദൂര മിസൈലുകള്‍ യുക്രെയ്‌ന്‍ റഷ്യയ്‌ക്ക് എതിരെ തൊടുത്തത്.
അതേസമയം തങ്ങളുടെ ദീര്‍ഘദൂര ആയുധങ്ങള്‍ ഉപയോഗിച്ച് റഷ്യയുടെ ഉള്ളിലേക്ക് ആക്രമിക്കുന്നതിനായി യുക്രെയ്‌നെ പാശ്ചാത്യ രാജ്യങ്ങള്‍ അനുവദിച്ചാല്‍ അവര്‍ തങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യുന്നതായി കണക്കാക്കുമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞിരുന്നു.