ഇന്ത്യ ഉള്‍പ്പെടെയുള്ള ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് ട്രംപിന്‍റെ ഭീഷണി
വാഷിങ്‌ടണ്‍:
യുഎസ് ഡോളറിന് തുരങ്കം വയ്ക്കാൻ ശ്രമിച്ചാൽ ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് 100% താരിഫ് ചുമത്തുമെന്ന് നിയുക്ത പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഭീഷണിപ്പെടുത്തി. മറ്റു കറൻസികളെ ബ്രിക്‌സ് രാജ്യങ്ങൾ പിന്തുണക്കുകയോ പുതിയ കറൻസി സൃഷ്‌ടിക്കുകയോ ചെയ്യരുതെന്നാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് സോഷ്യല്‍ മീഡിയ ട്രംപ് പോസ്റ്റിട്ടിട്ടുണ്ട്.
“ഒരു പുതിയ ബ്രിക്‌സ് കറൻസി സൃഷ്‌ടിക്കുകയോ, ശക്തമായ യുഎസ് ഡോളറിന് പകരമായി മറ്റേതെങ്കിലും കറൻസിയെ പിന്തുണയ്‌ക്കുക ചെയ്‌താല്‍ ഈ രാജ്യങ്ങള്‍ 100% താരിഫുകൾ നേരിടേണ്ടിവരും. കൂടാതെ അത്ഭുതകരമായ യുഎസ് സമ്പദ്‌വ്യവസ്ഥയില്‍ വിൽപ്പന നടത്തുന്നതിനോട് അവര്‍ വിടപറയേണ്ടിയും വരും”- ട്രംപ് വ്യക്തമാക്കി.
ഇന്ത്യ, ചൈന, ബ്രസീൽ, റഷ്യ, ദക്ഷിണാഫ്രിക്ക, ഈജിപ്‌ത്, എത്യോപ്യ, ഇറാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവ ഉൾപ്പെടുന്ന സഖ്യമാണ് ബ്രിക്‌സ് എന്ന് അറിയപ്പെടുന്നത്. തുർക്കി, അസർബൈജാൻ, മലേഷ്യ എന്നിവ ഈ സഖ്യത്തിന്‍റെ ഭാഗമാവാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. മറ്റ് നിരവധി രാജ്യങ്ങൾ ബ്രിക്‌സില്‍ ചേരാൻ താൽപ്പര്യം പ്രകടിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്.
റഷ്യയിലെ കസാനിൽ കഴിഞ്ഞ മാസം നടന്ന ബ്രിസ്‌ക് ഉച്ചകോടിയില്‍ ഡോളറല്ലാത്ത കറൻസി ഉപയോഗിച്ച് വ്യാപാരം നടത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്ന് വന്നിരുന്നു. വിപണയില്‍ അമേരിക്കന്‍ ഡോളറിന്‍റെ ആധിപത്യം അവസാനിപ്പിച്ച് പ്രാദേശിക കറൻസികളെ ശക്തിപ്പെടുത്തുന്നത് ലക്ഷ്യം വച്ചായിരുന്നു പ്രസ്‌തുത നീക്കം.
‘ബ്രിക്‌സ് പേ’ എന്ന പേരിൽ സ്വന്തമായി ഒരു പേയ്മെന്‍റ് സിസ്റ്റം വികസിപ്പിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഭീഷണിയുമായി ഡോണൾഡ് ട്രംപ് രംഗത്ത് എത്തിയത്. എന്നാല്‍ ഇന്ത്യയും റഷ്യയും ഡീ- ഡോളറൈസേഷന്‍ തങ്ങളുടെ പരിഗണനയിലില്ലെന്ന് വ്യക്തമാക്കുകയും ചെയ്‌തിരുന്നു.