ജന്നത്ത് സമരവീരക്ക് ഇനി പാന്‍റും ഷര്‍ട്ടും ധരിച്ച് സ്‌കൂളില്‍ പോകാം

 ജന്നത്ത് സമരവീരക്ക് ഇനി പാന്‍റും ഷര്‍ട്ടും ധരിച്ച് സ്‌കൂളില്‍ പോകാം

മലപ്പുറം:

മഞ്ചേരി ഗവ. ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ഏഴാം ക്ലാസുകാരി ജന്നത്ത് സമരവീരക്ക് ഇനി പാൻ്റും ഷര്‍ട്ടും ധരിച്ച് സ്‌കൂളില്‍ പോകാം. ഇങ്ങനെ പാൻ്റും ഷർട്ടും ധരിച്ച് സ്‌കൂളിൽ പോകാൻ വലിയ പോരാട്ടം നടത്തേണ്ടി വന്നു അവള്‍ക്ക്. പെണ്‍കുട്ടികള്‍ക്ക് സ്ലിറ്റ് ഇല്ലാത്ത ചുരിധാറും ഓവര്‍ക്കോട്ടും വേണം, ആണ്‍കുട്ടികള്‍ക്ക് പാന്‍റും ഷര്‍ട്ടും എന്ന നിലപാട് സ്‌കൂള്‍ പിടിഎ തീരുമാനിച്ചതോടെയാണ് ജന്നത്ത് ശെരിക്കും സമരവീരയായത്.

സംസ്ഥാന സര്‍ക്കാരിൻ്റെ ജെൻഡര്‍ ന്യൂട്രൽ യൂണിഫോം എന്ന പദ്ധതി തൻ്റെ സ്‌കൂളില്‍ വേണമെന്ന് വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കി. എന്തായാലും ജന്നത്തിൻ്റെയും അവളെ പിന്തുണച്ച മാതാപിതാക്കള്‍ക്കും നിരാശരാകേണ്ടി വന്നില്ല. ഏറെക്കാലമായി ആഗ്രഹിക്കുന്ന സ്‌കൂൾ യൂണിഫോമും ധരിച്ചാണ് ക്രിസ്‌മസ് അവധിക്കു ശേഷം ജന്നത്ത് സമരവീര സ്‌കൂളിലെത്തിയത്. വീര്യമുള്ള സമര പോരാളിയാണ് ഇന്ന് ഈ ഏഴാം ക്ലാസുകാരി.

പെണ്‍കുട്ടികള്‍ക്ക് സ്ലിറ്റ് ഇല്ലാത്ത ചുരിധാറും ഓവര്‍ക്കോട്ടും വേണമെന്ന പിടിഎ തീരുമാനത്തെ എതിര്‍ത്ത് തനിക്ക് യൂണിഫോമായി പാൻ്റും ഷർട്ടും മതിയെന്ന് സ്‌കൂൾ അധികൃതരോട് അവള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ജന്നത്തിൻ്റെ ആവശ്യം സ്‌കൂള്‍ അധികൃതര്‍ പാടെ തള്ളിക്കളഞ്ഞു. ഇതോടെ അഭിഭാഷകയായ മാതാവ് അഡ്വ ഐഷ പി ജമാലിൻ്റെ സഹായത്തോടെ വിവേചനവും അവകാശ നിഷേധവും ചുണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി.

തുടര്‍ന്ന് വിദ്യാര്‍ഥിനിയുടെയും മാതാവിൻ്റെയും പരാതി പരിഗണിച്ച് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ അധികൃതരുമായി ചര്‍ച്ച നടത്തി. വിഷയത്തില്‍ സ്‌കൂളിൻ്റെ നിലപാടില്‍ മാറ്റമില്ലെന്ന് അറിയിച്ചതോടെ താല്‍പര്യമുള്ളവര്‍ക്ക് ജെൻഡര്‍ ന്യൂട്രൽ യൂണിഫോം ധരിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കുകയായിരുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News