സുകുമാർ അഴീക്കോട് ചരമദിനം-24.01.2012

കേരളത്തിലെ പ്രശസ്തനായ സാഹിത്യവിമർശകനും ഗ്രന്ഥകാരനും പ്രഭാഷകനും വിദ്യാഭ്യാസചിന്തകനുമായിരുന്ന സുകുമാർ അഴിക്കോടിന്റെ ചരമദിനമാണിന്ന്.
പ്രൈമറിതലം മുതൽ സർവ്വകലാശാലാതലം വരെ അദ്ധ്യാപകനായി പ്രവർത്തിച്ച ഇദ്ദേഹം കാലിക്കറ്റ് സർവ്വകലാശാലയിൽ പ്രൊ-വൈസ് ചാൻസിലറുമായിരുന്നു. മുപ്പത്തഞ്ചിലേറെ കൃതികളുടെ കർത്താവാണ്. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളിൽ ജനറൽ കൗൺസിൽ, എക്സിക്യൂട്ടിവ് കൗൺസിൽ എന്നിവയിൽ അംഗമായിരുന്നു. ഇതിനുപുറമേ പല പ്രസിദ്ധീകരണങ്ങളുടേയും പത്രാധിപരായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗാന്ധിയൻ, ഗവേഷകൻ, ഉപനിഷത് വ്യാഖ്യാതാവ് എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു.

1926 മേയ് 12ന് കണ്ണൂർ ജില്ലയിലെ അഴീക്കോട് എന്ന ഗ്രാമത്തിൽ സുകുമാരൻ എന്ന സുകുമാർ അഴീക്കോട് ജനിച്ചു.മലയാളത്തിലും സംസ്കൃതത്തിലും സ്വകാര്യപഠനത്തിലൂടെ ബിരുദാനന്തരബിരുദം നേടി. 1981ൽ കേരള സർവ്വകലാശാലയിൽ നിന്നും മലയാളസാഹിത്യവിമർശനത്തിലെ വൈദേശികപ്രഭാവം എന്ന വിഷയത്തിൽ മലയാളസാഹിത്യത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. കോഴിക്കോട് സെന്റ് ജോസഫ്സ് ദേവഗിരി കോളെജിൽ മലയാളം ലക്ചററായരുന്നു. ഇതിനുപുറമേ മംഗലാപുരം സെന്റ് അലോഷ്യസ് കോളേജിലും അദ്ധ്യാപകനായിരുന്നു. പിന്നീട് മൂത്തകുന്നം എസ് എൻ എം ട്രെയ്‌നിംഗ് കോളേജിൽ പ്രിൻസിപ്പലായി. കോഴിക്കോട് സർവകലാശാല സ്ഥാപിച്ചപ്പോൾ മലയാളവിഭാഗം മേധാവിയും പ്രൊഫസറുമായി നിയമിതനായി. 1974-78 ൽ കാലിക്കറ്റ് സർവകലാശാല പ്രോ-വൈസ് ചാൻസലറായും ആക്ടിങ് വൈസ് ചാൻസലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1986-ൽ അദ്ധ്യാപനരംഗത്തു നിന്ന് വിരമിച്ചു.കൊല്ലം പ്രസ്സ് ക്ലബിലെ പ്രഭാഷണത്തിനിടെ 2012ജനുവരി 24 ന് അദ്ദേഹം അന്തരിച്ചു.

അഴീക്കോട്ടെ ആത്മവിദ്യാസംഘത്തിന്റെ സ്വാധീനത കുട്ടിക്കാലത്തുതന്നെ അഴീക്കോടിനെ ധൈഷണികസംവാദങ്ങളിൽ തൽപരനാക്കി. സാഹിത്യം,തത്ത്വചിന്ത, സാമൂഹികജീവിതം, ദേശീയത എന്നിങ്ങനെയുള്ള വിഷയങ്ങളിലുള്ള നൈപുണ്യവും ഭാഷയുടെ ചടുലതയും അഴീക്കോടിന്റെ പ്രഭാഷണങ്ങളെ ശ്രദ്ധേയമാക്കി മാറ്റി.
ആരോടും വിധേയത്വം പുലർത്താതിരിക്കുകയും ധീരതയോടെ നിശിതമായി വിമർശിക്കുകയും ചെയ്തതിനാൽ കേരളത്തിന്റെ സഞ്ചരിക്കുന്ന മനഃസാക്ഷി എന്ന് അദ്ദേഹം വിശേഷിക്കപ്പെട്ടു.

1954-ൽ ആദ്യകൃതിയായ ആശാന്റെ സീതാകാവ്യം പ്രസിദ്ധീകരിച്ചു.കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ ആധാരമാക്കി എഴുതിയ ഈ നിരൂപണഗ്രന്ഥം ഏതെങ്കിലും ഒരു ഖണ്ഡകാവ്യത്തെക്കുറിച്ച് മാത്രമായി പ്രസിദ്ധീകരിക്കപ്പെടുന്ന മലയാളത്തിലെ ആദ്യത്തെ സമഗ്രപഠനമാണ്. കാവ്യരചനയുടെ പിന്നിലെ ദാർശനികവും സൗന്ദര്യശാസ്ത്രപരവുമായ ചോദനകളെ പാശ്ചാത്യവും പൗരസ്ത്യവുമായ കാവ്യശാസ്ത്രസിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ വിശകലനം ചെയ്യുന്ന ആശാന്റെ സീതാകാവ്യം ഒരു കൃതിയെക്കുറിച്ചുള്ള സമഗ്രനിരൂപണത്തിന്റെ മലയാളത്തിലെ മികച്ച മാതൃകയായി കണക്കാക്കപ്പെടുന്നുണ്ട്.കാവ്യമെന്ന നിലയിൽ രമണൻ പരാജയമാണെന്ന് സ്ഥാപിക്കുന്നതാണ് ഈ കൃതി.

അനുകരണാത്മകതയിൽ മാത്രം പിടിച്ചു നിൽക്കുന്നതാണ് ജി ശങ്കരക്കുറുപ്പിന്റെ കവിതകൾ എന്ന വിമർശനവുമായി 1963-ൽ പുറത്തിറങ്ങിയ ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു എന്ന കൃതിയും മലയാളസാഹിത്യലോകത്ത് ശ്രദ്ധേയമായി. അഴീക്കോടിന്റെ വിമർശനപക്ഷപാതം ഖണ്ഡനനിരൂപണത്തോടാണെന്ന് പ്രഖ്യാപിക്കുന്നത് ഈ കൃതിയിലൂടെയാണ്. 1984-ൽ പ്രസിദ്ധീകരിച്ച തത്ത്വമസി അദ്ദേഹത്തിന്റെ കൃതികളിൽ വച്ചു ഏറ്റവും ഔന്നത്യമാർന്നതായി നിരൂപകർ കരുതുന്നു. ഔപനിഷദിക ദർശനങ്ങളുടെ ഉൾപ്പൊരുൾതേടുന്ന ഈ കൃതി കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങളടക്കം നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്.
