ആനകൾ വിരണ്ടോടി ,മൂന്ന് പേര് മരിച്ചു,ഉണ്ടായത് കനത്ത അനാസ്ഥ, കുറ്റക്കാർക്കെതിരെ കര്‍ശന നടപടി

 ആനകൾ വിരണ്ടോടി ,മൂന്ന് പേര് മരിച്ചു,ഉണ്ടായത് കനത്ത അനാസ്ഥ, കുറ്റക്കാർക്കെതിരെ കര്‍ശന നടപടി

കോഴിക്കോട്:

 മണക്കുളങ്ങര ക്ഷേത്രത്തിൽ ആനകൾ വിരണ്ട് ഭയന്നോടിയതിന് പിന്നാലെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌ത സംഭവത്തില്‍ നിര്‍ണായക കണ്ടെത്തലുമായി സോഷ്യൽ ഫോറസ്ട്രി ഡിഎഫ്ഒ. ആഘോഷ വരവിന്‍റെ ഏകോപനത്തിൽ വന്ന വലിയ പിഴവ് കാരണമാണ് ആനകൾ വിരണ്ട് ഭയന്നോടിയതെന്ന് സോഷ്യൽ ഫോറസ്ട്രി ഡിഎഫ്ഒ കണ്ടെത്തിയിട്ടുണ്ട്.

ആഘോഷ വരവ് വൈകിയതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. കാട്ടുവയല്‍, അണേല ഭാഗങ്ങളിൽ നിന്നുള്ള ആഘോഷ വരവുകൾ വൈകിയാണ് എത്തിയത്. വരവിലെ ജനക്കൂട്ടം ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന സമയത്ത് തന്നെ ക്ഷേത്രാങ്കണത്തിൽ എഴുന്നള്ളിപ്പ് ആരംഭിച്ചിരുന്നു.

വേട്ടക്കൊരുമകന്‍റെയും ഭഗവതിയുടേയും തിടമ്പേറ്റി നെറ്റിപ്പട്ടം കെട്ടിയ ആനകൾ എഴുന്നള്ളിപ്പിൽ ഉണ്ടായിരുന്നു. ഇതേസമയം കയറി വന്ന വരവ് സംഘം ഒരു മുന്നറിയിപ്പുമില്ലാതെ വെടിക്കെട്ടിന് തീ കൊടുത്തു. ഉഗ്ര ശബ്‌ദമുള്ള ഗുണ്ടുകൾ പൊട്ടിയപ്പോൾ ആന പ്രകോപിതനായി. ഇത് നാട്ടാന പരിപാലന ചട്ട ലംഘനമാണ്.

വിഭ്രാന്തിയിലായ പീതാംബരൻ എന്ന ആന തൊട്ടടുത്ത ഗോകുൽ എന്ന ആനയെ കുത്തുകയായിരുന്നു. ഇതോടെ മുന്നിലുള്ള ആനയും ഇടഞ്ഞു. പിന്നീടത്, നിയന്ത്രിക്കാൻ പറ്റാത്ത സ്ഥിതിയിലെത്തി. ഈ സമയത്തും വെടിക്കെട്ടിന്‍റെ ശബ്‌ദം കേൾക്കാമായിരുന്നു. ഇതിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി രാജൻ എന്നിവര്‍ മരിച്ചത്, മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സംഭവത്തില്‍ പാപ്പാൻമാർ, നാട്ടുകാർ, ക്ഷേത്ര ഭാരവാഹികൾ എന്നിവരിൽ നിന്നടക്കം സോഷ്യൽ ഫോറസ്ട്രി ഡിഎഫ്ഒ സത്യഭാമ മൊഴിയെടുത്തു. റിപ്പോർട്ട് ഫോറസ്റ്റ് കൺസർവേറ്റർക്ക് കൈമാറും. വനം ‌വകുപ്പ് മന്ത്രി അടിയന്തര റിപ്പോർട്ട് തേടിയിരുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News