ദ്വിദിന സന്ദർശനത്തിനായി ഖത്തർ അമീർ ഇന്ത്യയിലെത്തി

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി. തിങ്കളാഴ്ച വൈകിട്ട് ഡൽഹി വിമാനത്താവളത്തിലെത്തിയ അമീറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഇരുനേതാക്കളും പരസ്പരം ആലിംഗനം ചെയ്തു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറും സന്നിഹിതനായിരുന്നു.
ഇന്ത്യ സന്ദർശിക്കുന്ന ഹമദ് അൽതാനി ചൊവ്വാഴ്ച പ്രസിഡന്റ് ദ്രൗപതി മുർമുവിനെ കാണുകയും പ്രധാനമന്ത്രി മോദിയുമായി ചർച്ച നടത്തുകയും ചെയ്യും. പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹത്തിന്റെ രണ്ട് ദിവസത്തെ സന്ദർശനം. ഖത്തർ അമീറിന്റെ രണ്ടാമത്തെ ഇന്ത്യാ സന്ദർശനമാണിത്. 2015 മാർച്ചിൽ അദ്ദേഹം നേരത്തെ ഇന്ത്യ സന്ദർശിച്ചിരുന്നു.