കശ്‌മീരില്‍ വൻ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു, മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍:
ജമ്മു കശ്‌മീരിലെ കത്വ ജില്ലയില്‍ ഭീകരരും പൊലീസും തമ്മില്‍ വൻ ഏറ്റുമുട്ടല്‍. വെടിവയ്പ്പിൽ മൂന്ന് ഭീകരരെ വധിക്കുകയും മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിക്കുകയും ചെയ്‌തു. ഒരു ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഉൾപ്പെടെ ഏഴ് പേർക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ-ഇ-മുഹമ്മദ് (ജെഇഎം) സംഘടനയിൽപ്പെട്ട തീവ്രവാദികൾക്കായി ജമ്മു കശ്‌മീര്‍ പൊലീസിന്‍റെ നേതൃത്വത്തിൽ നടന്ന തെരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഒരുദിവസം നീണ്ടുനിന്ന വലിയ ഏറ്റുമുട്ടലാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം (മാര്‍ച്ച് 27) രാവിലെ 8 മണിയോടെ ഏറ്റമുട്ടല്‍ ആരംഭിച്ചിരുന്നു. വലിയ രീതിയില്‍ വെടിവയ്പ്പും സ്ഫോടനങ്ങളും ഉണ്ടായതായി ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്ബാഗിലെ ഘാട്ടി ജുത്താന പ്രദേശത്തെ ജാഖോലെ ഗ്രാമത്തിന് സമീപമാണ് ഏറ്റുമുട്ടൽ നടന്നത്. ഏകദേശം അഞ്ച് ഭീകരർ ഉൾപ്പെടുന്ന ഒരു സംഘവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ 3 പേരെ വധിച്ചു. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്.