എമ്പുരാന്‍റെ റീ എഡിറ്റ് പതിപ്പ് തിയേറ്ററുകളിലെത്തി

വിവാദങ്ങള്‍ക്കിടെ മോഹന്‍ ലാല്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം എമ്പുരാന്‍റെ റീ എഡിറ്റ് പതിപ്പ് തിയേറ്ററുകളിലെത്തി. വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് 24 സീനുകളാണ് ചിത്രത്തില്‍ നിന്നും വെട്ടിമാറ്റിയത്. ചിത്രത്തിലെ വില്ലന്‍ ബജ് രംഗി അഥവാ ബല്‍രാജ് എന്ന പേര് മാറ്റി ബല്‍ദേവാക്കി മാറ്റി. ചിത്രത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഗുജറാത്ത് കലാപകാലത്തിന്‍റെ വര്‍ഷവും വെട്ടിമാറ്റി. ബില്‍ക്കീസ് ബാനുവിന്‍റേത് അടക്കം സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുള്ള ഭാഗങ്ങള്‍ മുഴുവന്‍ സിനിമയില്‍ നിന്നും വെട്ടിമാറ്റി.
ഇന്നലെ (ഏപ്രില്‍ 1) രാത്രിയാണ് റീ എഡിറ്റഡ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ഇനി മുതല്‍ മുഴുവന്‍ തിയേറ്ററുകളിലും ഈ പതിപ്പായിരിക്കും പ്രദര്‍ശിപ്പിക്കുക. ചിത്രത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. ഇതിന് പിന്നാലെയാണ് സീനുകള്‍ ഒഴിവാക്കി ചിത്രം റീ എഡിറ്റ് ചെയ്‌തത്. ആരെയും പേടിച്ചിട്ടല്ല ചിത്രത്തില്‍ തിരുത്തല്‍ ആവശ്യപ്പെട്ടതെന്ന് നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു. എന്നാല്‍ ഇതിന് പിന്നില്‍ സംഘ്‌പരിവാറാണെന്നാണ് സിപിഎമ്മും കോണ്‍ഗ്രസും ആരോപിക്കുന്നത്.