ആശമാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം:
സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശമാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. നാളെ വൈകിട്ട് മൂന്ന് മണിക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ചേംബറില്‍ വെച്ചാണ് ചര്‍ച്ച. സമരം ആരംഭിച്ചശേഷം ഇത് മൂന്നാമത്തെ തവണയാണ് ചര്‍ച്ചയ്ക്ക് വിളിക്കുന്നത്. ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും ആവശ്യങ്ങള്‍ മുന്നോട്ട് വെക്കുമെന്നും സമരം ചെയ്യുന്ന ആശമാര്‍ പറഞ്ഞു.
ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് ലഭ്യമായാല്‍ മാത്രമെ പിന്മാറുകയുള്ളൂവെന്ന് സമരസമിതി നേതാവ് മിനി പറഞ്ഞു. അതില്‍ വിട്ടുവീഴ്ചയുണ്ടാകില്ല. പ്രഖ്യാപനങ്ങളോ ഉറപ്പുകളോ അല്ല വേണ്ടതെന്നും മിനി പ്രതികരിച്ചു.
അതേസമയം, ആശമാരുടെ സമരം 52 -ാം ദിവസം പിന്നിട്ടിരിക്കുകയാണ്. നിരാഹാര സമരം 14-ാം ദിവസവും തുടരുകയാണ് .കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നഡ്ഡയുമായി ഇന്നലെ ആരോഗ്യമന്ത്രി വീണാ ജോർജ് കൂടിക്കാഴ്ച നടത്തിയിരുന്നു. ആശാസമരവും കേരളത്തിനുള്ള എയിംസുമടക്കം നാല് വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. ‘ആശമാർ ഉയർത്തുന്ന വിഷയങ്ങൾ കേന്ദ്രമന്ത്രിയുടെ മുന്നിൽ അവതരിപ്പിച്ചു. അതായിരുന്നു പ്രധാന അജണ്ട. ഇൻസൻ്റീവ് വർധിപ്പിക്കുന്നത് കേന്ദ്ര സർക്കാരിൻ്റെ പരിഗണനയിലാണ്. കേന്ദ്ര നിലപാടിൽ പ്രതീക്ഷ’യെന്നുമായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി വീണാ ജോർജ് പ്രതികരിച്ചത്.